
ആനക്കാര്യങ്ങൾക്കിടയിൽ ഒരു ചേനക്കാര്യം പറയാം. കുഴിയാനയെക്കുറിച്ചാണ്. പുതിയ കുട്ടികൾക്ക് കുഴിയാനയെ അറിയില്ല. പണ്ട് കുട്ടികളായിരുന്നവർക്കറിയാം. കോന്നി ആനക്കൂട്ടിൽ ആനകളുടെ എണ്ണം കുറഞ്ഞെന്ന വാർത്ത കണ്ടപ്പോഴാണ് കുഴിയാനകളെ ഓർത്തത്. വീടിന്റെ തറകെട്ടിയതിനോട് ചേർന്ന മണ്ണിലാണ് കുഴിയാനകളെ കുട്ടിക്കാലത്ത് കണ്ടത്. പൂഴിമണ്ണിൽ ചെറിയ കുഴിയുണ്ടാക്കി അതിനുള്ളിൽ ഒളിച്ചിരുന്ന് ഇരപിടിക്കുന്ന ഇത്തിരിപ്പോന്ന ജീവി. ആ പാവത്തിന് ആരാണ് ആനയെന്ന് പേരിട്ടതാവോ ?. മണ്ണിൽനിന്ന് കുഴിയാനകളെ തോണ്ടിയെടുക്കുന്നത് പണ്ട് കുട്ടികളുടെ വിനോദമായിരുന്നു. പഴയ കാലമല്ലേ. അന്ന് വിനോദത്തിന് വഴികൾ കുറവ്. പൂഴിമണ്ണിലെ ഇത്തിരിക്കുഞ്ഞൻ കുഴിയാനയും തടിപിടിക്കാൻ വരുന്ന വമ്പനായ ആനയും അവർക്ക് വിനോദമായിരുന്നു. വെള്ളാനകളുടെ ഇക്കാലത്ത് വിനോദത്തിന് വേറെന്തെല്ലാം വഴികളുണ്ട്. പണ്ട് അതില്ലായിരുന്നു. മണ്ണിൽ കളിക്കുന്നതിന് വിലക്കില്ലാത്ത അക്കാലത്ത് കുട്ടികളുടെ കൗതുകമായിരുന്നു മണ്ണിലെ കുഴിയാന. ആ കുഴിയാനകൾ ഇന്നെവിടെപ്പോയി. കുഴിയാനകൾ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷരായോ. വീടിറമ്പിലെ പൂഴിമണ്ണിൽ കുഴിയാനകൾ ഇന്ന് താമസക്കാരല്ല. വീട്ടിലെ താമസക്കാർ കുഴിയാനകളെയെന്നല്ല ഒരു ജീവിയേയും വീടിന്റെ പരിസരത്തേക്ക് പോലും പ്രവേശിപ്പിക്കില്ല.
പണ്ട് വീടിനുള്ളിലെ താമസക്കാരായി ചെറുജീവികളുണ്ടായിരുന്നു. വെട്ടുകല്ലിനുള്ളിലും ചാണകം മെഴുകിയ തറയിലും ഓടുകൾക്കും ഓലയ്ക്കുമിടയിലും അവ സ്വസ്ഥമായി താമസിച്ചു. മണ്ണെണ്ണ വിളക്കിനെ ചുറ്റിപ്പറ്റി എത്രയെത്ര ചെറുജീവികളാണ് വന്നിരുന്നത്. ട്യൂബ് ലൈറ്റിന്റെ പാൽ വെളിച്ചത്തിന് ചുറ്റും ചെറുജീവികൾ പറന്നുനടന്നു. പറന്നുവന്ന് നിയന്ത്രണംതെറ്റി നിലത്തുവീഴുന്ന വണ്ട്. തന്നെ ആരെങ്കിലും ഒന്ന് മലർത്തിയിട്ടാൽ പറന്നുപോകാമല്ലോ എന്ന് ആശിച്ച് നൂൽക്കനമുള്ള കൈകാലുകൾചലിപ്പിച്ച് നിശബ്ദമായി നിലവിളിക്കും. പച്ചക്കുതിര എന്ന് വിളിക്കുന്ന പച്ചവിട്ടിൽ വീട്ടിൽ വരുന്നത് ഐശ്വര്യമാണെന്ന് വിശ്വസിച്ചിരുന്ന കാലം. പച്ചവിട്ടിൽ ദേഹത്ത് വന്നിരുന്നാൽ പണം കിട്ടുമെന്ന് കരുതിയ കുട്ടികൾ. ചെറിയ പ്രാണികൾ ജീവിതത്തിലെ സ്ഥിരം കാഴ്ചയായിരുന്നു. അവയൊക്കെ എവിടെപ്പോയി. പറമ്പിലെ മണ്ണിരപോലെ , പാടത്തെ അനേകം ചെറുജീവികളെപ്പോലെ അവയൊക്കെ അപ്രത്യക്ഷമാകുന്നു. കാലം മാറുമ്പോൾ, ലോകം വളരുമ്പോൾ മനുഷ്യന് ആവശ്യമില്ലാത്തതൊക്കെ അപ്രത്യക്ഷമാകുമായിരിക്കും. അതോ , ഈ ഭൂമി തങ്ങൾക്ക് ജീവിക്കാൻ കൊള്ളില്ലെന്നറിഞ്ഞ് അവ ചത്തൊടുങ്ങുന്നതാകുമോ. ഓരോ ജീവികളും ഇല്ലാതായി മനുഷ്യൻ മാത്രം ബാക്കിയാകുന്ന കാലമുണ്ടാകുമോ!. ഒടുവിൽ മനുഷ്യനും ഇല്ലാതാകുന്ന കാലമുണ്ടാകുമോ.!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |