
കൊച്ചി: ആഗോള സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമായി ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു, പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചതും ഇറാനെതിരെ അമേരിക്കയുടെ ഉപരോധം പിൻവലിച്ചതുമാണ് ക്രൂഡിൽ ഇടിവുണ്ടാക്കിയത്. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 73 ഡോളറിന് താഴെയെത്തി. അമേരിക്കൻ വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റിന്റെ വില ബാരലിന് 68 ഡോളറിലേക്ക് ഇടിഞ്ഞു. ഇതോടെ ലോകമൊട്ടാകെ നാണയപ്പെരുപ്പം ഗണ്യമായി കുറയും.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ ഉയർത്തുമെന്ന ആശങ്കയിൽ ഡോളറിന്റെയും യു.എസ് ബോണ്ടുകളുടെയും മൂല്യം ഉയർന്നു. ഇതോടെ ആഗോള നിക്ഷേപകർ ക്രൂഡോയിൽ, സ്വർണം എന്നിവയിൽ നിന്ന് പണം ബോണ്ടുകളിലേക്ക് മാറ്റി.
സ്വർണ വില മൂക്കുകുത്തി
സ്വർണ വിപണി ഒരു ദശകത്തിനിടെയിലെ ഏറ്റവും വലിയ വിലത്തകർച്ചയിലാണ്. വിദേശ ധന സ്ഥാപനങ്ങൾക്കൊപ്പം കേന്ദ്ര ബാങ്കുകളും സ്വർണം വിൽപ്പന ശക്തമാക്കി. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 95 ഡോളർ കുറഞ്ഞ് 4,004 ഡോളറിലെത്തി. പലിശ കൂടുന്നതോടെ ബോണ്ടുകളിൽ നിന്ന് മികച്ച വരുമാനം ലഭിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ആഗോള ഫണ്ടുകൾ സ്വർണം കൈയൊഴിഞ്ഞത്. കേരളത്തിൽ സ്വർണ വില പവന് 1,240 രൂപ കുറഞ്ഞ് 1,04,800 രൂപയായി. ഗ്രാമിന്റെ വില രാവിലെ 25 രൂപയും വൈകിട്ട് 130 രൂപയും കുറഞ്ഞു. രണ്ട് ദിവസത്തിനിടെ 3,720 രൂപയുടെ ഇടിവാണ് വിലയിലുണ്ടായത്.
ഓഹരിയിൽ മുന്നേറ്റം
ക്രൂഡോയിൽ വിലയിലെ ഇടിവ് ഓഹരി വിപണിക്കും ആവേശമായി. നാണയപ്പെരുപ്പ ഭീഷണി ഒഴിവാകുന്നതിനാൽ പലിശ വർദ്ധനയെ കുറിച്ചുള്ള ചർച്ചകളിൽ കഴമ്പില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കിയതും നിക്ഷേപകർക്ക് പ്രതീക്ഷയായി. ഇന്നലെ സെൻസക്‌സ് 790.54 പോയിന്റ് ഉയർന്ന് 76,999.22ൽ എത്തി. നിഫ്‌റ്റി 197.55 പോയിന്റ് നേട്ടത്തോടെ 24,021.45ൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |