SignIn
Kerala Kaumudi Online
Saturday, 13 June 2026 11.32 PM IST

വാട്‌സാപ്പും ഗൂഗിൾ പേയുമൊക്കെ 'കുടിച്ചുതീർക്കുന്നത് ' ഗ്യാലൻകണക്കിന് വെള്ളം; അറിയുന്നുണ്ടോ ഈ കണക്ക്, ജലക്ഷാമത്തിന്റെ പ്രധാന കാരണക്കാർ

water

ന്യൂഡൽഹി:ലോകവും രാജ്യവും എത്രകണ്ട് ഡിജിറ്റലാകുന്നോ അത്രയും നന്ന്. രാജ്യം ഡിജിറ്റലാകുന്നു എന്നുകേൾക്കുമ്പോൾ നമ്മുടെ മനസിൽ കുളിരുകോരും. എഐയുടെ വരവാണ് ഡിജിറ്റൽ വിപ്ളവം കൂടുതൽ വേഗത്തിലാക്കിയത്. സംഗതി കൊള്ളാമെങ്കിലും ഈ കുതിപ്പ് നമ്മുടെ വെള്ളംകുടി മുട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് എത്രപേർക്കറിയാം. രാജ്യം മാത്രമല്ല ലോകവും ഡിജിറ്റൽ വിപ്ളവം കാരണമുള്ള കുടിവെള്ള ക്ഷാമത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ അത് വെള്ളത്തിനുവേണ്ടിയായിരിക്കും എന്ന പ്രവചനത്തിന് ഈ അവസരത്തിൽ ഏറെ പ്രാധാന്യമുണ്ട്.

ഡിജിറ്റൽ വിപ്ലവം വേഗത്തിലാകാൻ കാരണം ഡാറ്റാ സെന്ററുകളാണ്. നമ്മൾ അയയ്ക്കുന്ന വാട്സാപ്പ്, ഇ മെയിൽ സന്ദേശങ്ങൾ, യുപിഐ പേയ്മെന്റുകൾ എന്നിവയെല്ലാം പ്രോസസ് ചെയ്യുന്നത് ഡാറ്റാ സെന്ററുകളിലാണ്. ഈ ഡാറ്റാ സെന്ററുകളാണ് വെള്ളംകുടി മുട്ടിക്കുന്ന പ്രധാന പ്രതികൾ. ഇവയുടെ പ്രവർത്തനത്തിന് വലിയ അളവിൽ വെള്ളം ആവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള വെള്ളംപോര നല്ല ശുദ്ധമായ വെള്ളംതന്നെവേണം.

ആയിരക്കണക്കിന് കമ്പ്യൂട്ടർ സെർവറുകളാണ് ഡാറ്റാ സെന്ററുകളിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വലിയ അളവിൽ ചൂട് ഉത്പാദിക്കുന്നവയാണ് ഇവ.ഈ ചൂട് അതുപോലെ പുറത്തേക്കുവിടാൻ ഒരുകാരണവശാലും കഴിയില്ല. ചൂട് ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴി തണുപ്പിക്കലാണ്. പ്രത്യേക രീതിയിൽ വെള്ളം പമ്പുചെയ്താണ് തണുപ്പിക്കൽ നടത്തുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 80ശതമാനവും ബാഷ്പീകരിക്കപ്പെടും. ശേഷിക്കുന്ന വെള്ളം രാസവസ്തുക്കൾ ഉൾപ്പെടെ കലർന്ന് ഉപയോഗ ശൂന്യമാവുകയും ചെയ്യും. കേൾക്കുമ്പോൾ വലിയ പ്രശ്നമൊന്നും തോന്നില്ലെങ്കിലും ഒരു പട്ടണത്തിൽ കുടിക്കാനും കുളിക്കാനും കൃഷിക്കുമുൾപ്പെടെ ഉപയോഗിക്കുന്ന വെള്ളത്തിനെക്കാൾ വളരെക്കൂടിയ അളവിലാണ് ഒരു ഡാറ്റാസെന്ററിൽ ആവശ്യമുള്ള വെള്ളം.

ചാറ്റ് ജിപിടി ഉപയോഗിച്ച് 100 വാക്കുള്ള ഒരു ഇ മെയിൽ എഴുതുമ്പോൾ ഏകദേശം 519 മില്ലീ ലിറ്റർ വെള്ളമാണ് തണുപ്പിക്കാൻ ഉപയോഗിക്കേണ്ടിവരുന്നത്. തണുപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിനൊപ്പം ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വെള്ളംകൊണ്ടാണെന്ന് മറക്കരുത്.

2023ൽ ഡാറ്റാ സെന്ററുകൾ തണുപ്പിക്കുന്നതിനായി 17.4 ബില്യൺ ഗാലൺ വെള്ളവും ഇവിടത്തെ ആവശ്യത്തിനായി വൈദ്യുതി ഉത്പാദിപ്പിക്കാനായി 211 ബില്യൺ ഗാലൺ വെള്ളവും ഉപയോഗിച്ചു എന്നാണ്‌ ഏകദേശ കണക്ക്. 2028 ആകുമ്പോൾ ഇതിന്റെ മൂന്നിരട്ടിയോളം വെള്ളം വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. ഡാറ്റാ സെന്ററുകളുടെ വലിപ്പവും അതിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുമാണ് തണുപ്പിക്കാൻ ആവശ്യമായ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിൽ 301 ഡാറ്റാ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. മുംബയ്, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഇപ്പോൾത്തന്നെ ഈ നഗരങ്ങളിൽ കുടിവെള്ളപ്രശ്നം ഒരു കീറാമുട്ടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DATA CENTERS, ENORMOUS QUANTIES OF HEAT, AL DATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360