
ന്യൂയോർക്ക്: കാൽ നൂറ്റാണ്ടായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി മഞ്ഞപ്പട നാളെ ലോകകപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽവരെയെത്തിയ മൊറോക്കോയാണ് എതിരാളികൾ. ഗ്രൂപ്പ് സിയിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിനാണ് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
വിനീഷ്യസ് ജൂനിയറിന്റെ സ്‌ഫോടനാത്മക ആക്രമണവീര്യം, കാസെമിറോയുടെ നേതൃപാടവം, നെയ്മറിന്റെ അനുഭവസമ്പത്ത് എന്നിങ്ങനെയുള്ള അനുകൂലഘടകങ്ങൾ പ്രയോജനപ്പെടുത്താനാണ് ബ്രസീലിന്റെ വരവ്. ഇപ്പോഴിതാ താൻ ചില കണക്കൂട്ടലുമായാണ് അമേരിക്കയിലെത്തിയെതെന്ന് പറയുകയാണ് വിനി ജൂനിയർ.
'ലോകകപ്പ് നാളെയല്ല തുടങ്ങുന്നത്. ഞങ്ങൾക്കത് ദിവസങ്ങൾക്ക് മുൻപുതന്നെ തുടങ്ങി. കാരണം നമ്മൾ കളിയിലും നമ്മുടെ വികസനത്തിലും ലോകകപ്പിനായുള്ള ഒരുക്കത്തിലും വളരെയധികം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. വ്യക്തിഗത ടൈറ്റിലുകളെ ഞാൻ കാര്യമാക്കുന്നില്ല. വിഐപി ആയിരിക്കാനല്ല ഞാൻ ഇങ്ങോട്ടേക്ക് വന്നത്. ബ്രസീൽ ആറാമതും ലോകകപ്പ് ഉയർത്താൻ സഹായിക്കാനാണ് ഞാൻ വന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനാകാനല്ല മറിച്ച് ബ്രസീൽ ടോപ്പിലെത്താൻ സഹായിക്കാനാണ് വന്നത്.
ഞാൻ കളിച്ച മറ്റെല്ലാ ടൂർണമെന്റുകളേക്കാൾ വ്യത്യസ്തമാണ് ലോകകപ്പ്. മത്സരത്തിന്റെ അവസാന നിമിഷവും നമ്മൾ തയ്യാറായിരിക്കണമെന്ന് കഴിഞ്ഞ മത്സരം പഠിപ്പിച്ചു. കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യണമെന്ന പാഠം പഠിപ്പിച്ചു. പരിക്കുകളൊന്നുമേൽക്കാതെ മികച്ച ആരോഗ്യസ്ഥിതിയിലാണിപ്പോൾ. കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ് ലോകകപ്പ്.
ആഞ്ചലോട്ടിക്ക് വേണ്ടി കളിക്കുന്നത് പ്രത്യേകതയുള്ളതാണ്. കാരണം എനിക്ക് ഏറ്റവും നല്ല പ്രകടനം കാഴ്‌ചവയ്ക്കാൻ അദ്ദേഹം സ്വാതന്ത്ര്യം നൽകുന്നു. ഗോളുകൾ നേടുന്നതിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, മറിച്ച് നന്നായി കളിക്കുന്നതിനെക്കുറിച്ചാണ്. ഞാൻ എത്ര ഗോളുകൾ നേടുന്നു എന്നത് പ്രശ്നമല്ല, പ്രധാനം ടീമാണ്. ലോകകപ്പിൽ ചെറിയ കാര്യങ്ങൾക്കുപോലും മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിനാൽ 90 മിനിറ്റും പരമാവധി ഏകാഗ്രതയോടെ കളിക്കണമെന്ന് ആഞ്ചലോട്ടി എപ്പോഴും പറയാറുണ്ട്'- വിനി പറഞ്ഞു. മത്സരത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുതവണ ലോക കിരീടം നേടിയവരെങ്കിലും കഴിഞ്ഞ അഞ്ചുതവണയായി ക്ളച്ചുപിടിക്കാതെ പോയ ബ്രസീൽ ഇക്കുറി ക്ലബ് ഫുട്ബാളിലെ ഏറ്റവും മികച്ച പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ കൂട്ടുപിടിച്ചാണ് പ്രതാപം വീണ്ടെടുക്കാനെത്തുന്നത്. അതിനിടെ പരിക്ക് ഭേദമാകാത്തതിനാൽ നെയ്‌മർ ഇക്കുറി കളിക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |