
ദുബായ്: ഫിഫ ലോകകപ്പ് മത്സരങ്ങൾ യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി റിപ്പോർട്ട്. ഉറക്കം നഷ്‌ടപ്പെടുത്തി ലോകകപ്പ് കാണുന്നത് ജീവനക്കാരുടെ ഉൽപ്പാദനക്ഷമത കുറയാൻ സാദ്ധ്യതയുള്ളതിനാൽ പല കമ്പനികളും സ്റ്റാഫുകൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിച്ചു. പല ജീവനക്കാരും ഫുട്‌ബോൾ ആസ്വദിക്കുന്നതിനായി വാർഷിക അവധി എടുക്കുന്നുണ്ടെന്നാണ് റിക്രൂട്ട്മെന്റ്, എച്ച്‌ആർ കൺസൾട്ടന്റുകൾ പറയുന്നത്.
ജൂൺ 11 മുതൽ ജൂലായ് 19 വരെ യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലാണ് ഫിഫ ലോകകപ്പ് നടക്കുന്നത്. യുഎഇ സമയം രാത്രി എട്ടിനും രാവിലെ എട്ടിനും ഇടയിലാണ് മത്സരങ്ങൾ. ഫുട്‌ബോളിനോടുള്ള അഭിനിവേശം കാരണം ഭൂരിഭാഗം ജീവനക്കാരും ഉറക്കമിളച്ച് ഫുട്‌ബോൾ കാണും. ഇക്കാരണത്താൽ അവർ ഓഫീസുകളിൽ സമയത്തിന് എത്താതാകുകയും ജോലിയിൽ ശ്രദ്ധ കുറയുകയും ചെയ്യുന്നു. സൗദി അറേബ്യ, ഖത്തർ, ഈജിപ്‌ത്, ജോർദാൻ, മൊറോക്കോ, ടുണീഷ്യ, അൾജീരിയ, ഇറാഖ് എന്നിങ്ങനെ എട്ട് അറബ് രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
2026ലെ ഫുട്ബോൾ ലോകകപ്പിന്റെ ഫലമായി ജൂൺ, ജൂലായ് മാസങ്ങളിൽ മിഡിൽ ഈസ്റ്റിലുടനീളമുള്ള കമ്പനികൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയിൽ ഗണ്യമായ ഇടിവ് നേരിടാൻ സാദ്ധ്യതയുണ്ടെന്ന് ഗൾഫ് ടാലന്റ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. പുരുഷന്മാരിൽ 87 ശതമാനവും സ്‌ത്രീകളിൽ 74 ശതമാനവും ഈ പ്രശ്‌നം നേരിടാമെന്നും കണ്ടെത്തി. ഇതിൽ പകുതിയോളംപേരും രാത്രി മുഴുവനിരുന്ന് മത്സരങ്ങൾ കാണുമെന്നാണ് സർവേയിൽ പറഞ്ഞിരിക്കുന്നത്. മറ്റുള്ളവർ രാത്രി ഉറങ്ങുന്നകിന് മുമ്പും രാവിലെയും ഫുട്‌ബോൾ കാണുന്നവരാണ്.
30 ശതമാനംപേർ ഉറക്കക്ഷീണത്തോടെ ജോലി ചെയ്യുന്നവരാണ്. എട്ട് ശതമാനംപേർ ജോലിക്കെത്താൻ വൈകും, എട്ട് ശതമാനംപേർ വാർഷിക അവധിയെടുക്കും, ആറ് ശതമാനംപേർ വീട്ടിലിരുന്ന് ജോലി ചെയ്യും, രണ്ട് ശതമാനംപേർ ഉറക്കം ലഭിക്കാതെ അസുഖബാധിതരാകും എന്നും സർവേയിൽ പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |