SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.35 PM IST

നാശം വിതച്ച് അർണബ്: മരങ്ങൾ കടപുഴകി, പലയിടത്തും വെള്ളപ്പൊക്കം, വാഹനങ്ങൾ ഒലിച്ചുപോയി

arnab-andrapradesh
ശക്തമായ തിരമാലകൾ റോഡിലേയ്ക്ക് അടിച്ചുകയറിയപ്പോൾ,​ മരം കടപുഴകി വീണപ്പോൾ

​​​​

അമരാവതി: ആന്ധ്രാപ്രദേശിൽ കനത്ത നാശം വിതച്ച് അർണബ് ചുഴലിക്കാറ്റ്. മണിക്കൂറിൽ 120 മുതൽ 145 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയടിക്കുന്നത്. കാറ്റോടുകൂടിയ കനത്ത മഴയിൽ പലയിടങ്ങളിലും വൻ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിനെ തുടർന്ന് വിശാഖപ്പട്ടണത്ത് നിരവധി മരങ്ങൾ കടപുഴകിവീണ് കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

വിശാഖപട്ടണം ആർകെ കടൽത്തീരത്ത് ശക്തമായ തിരമാലകൾ റോഡിലേയ്ക്ക് അടിച്ചുകയറി വാഹനങ്ങൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇവിടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കാക്കിനാഡ തീരത്ത് കടൽ ക്ഷോഭിച്ച നിലയിലാണ്. കനത്ത മഴയെ തുടർന്ന് കാക്കിനാഡയിലെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായതായാണ് വിവരം. കൊനസീമ ജില്ലയിൽ മാത്രം ആറായിരത്തോളം വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു.

ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ പുനഃരധിവാസ കേന്ദ്രങ്ങളിലേയ്ക്ക് നേരത്തെ തന്നെ മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 609 സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ഒരുലക്ഷത്തിലധികം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ട്രെയിൻ വിമാന സർവീസുകളും റദ്ദാക്കി.

അടുത്ത 12 മണിക്കൂറിൽ ആന്ധ്ര തീരത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ യാതൊരുകാരണവശാലും പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകളെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെ 10 ടീമുകളെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ നാവികസേനയും കോസ്റ്റ് ഗാർഡും തീരത്ത് സജ്ജമാണ്.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ 8,​400 ലധികം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, അർണബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ ഗഞ്ചം, ഗ‌ജപതി, രായഗഡ, നബരംഗ്പൂർ എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഭുവനേശ്വർ, കട്ടക്ക് ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary

Cyclone 'Arnab' caused extensive damage across Andhra Pradesh with heavy rain and strong winds up to 145 km/h. Widespread power outages, flooding, and traffic disruptions were reported. Over 100,000 people were evacuated to relief camps, and train and flight services were cancelled. Authorities initiated emergency response measures, with warnings for continued heavy rainfall.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYCLONE ARNAB, ANDRAPRADESH, ARNAB ANDRAPRADESH, ARNAB CYCLONE DAMAGE, ANDRAPRADESH HEAVY RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360