
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടുവിന്റെ പുനർ മൂല്യനിർണയത്തിലും പിഴവുകളുടെ ഘോഷയാത്രയെന്ന് പരാതി. അപേക്ഷിക്കാത്ത വിഷയത്തിന്റെ പുനർ മൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ചില പേപ്പറുകൾ പുനർ മൂല്യനിർണയം നടത്തിയിട്ടില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇപ്രകാരമുള്ള നിരവധി പരാതികൾ തനിക്ക് ലഭിച്ചുവെന്നാണ് വിദ്യാർത്ഥികൾക്കുവേണ്ടി നേരത്തേ സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകൻ വിനീത് ജിൻഡാൽ വ്യക്തമാക്കുന്നത്. ചില പരാതികൾ അദ്ദേഹം പുറത്തുവിടുകയും ചെയ്തു.എന്താണ് സംഭവിച്ചെന്ന് വ്യക്തമാക്കാനും ഇതുസംബന്ധിച്ച് സിബിഎസ്ഇയിൽ നിന്ന് വിശദീകരണം തേടാനും ഹർജി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുനർ മൂല്യനിർണയം നടത്തിക്കഴിഞ്ഞാൽ ഉത്തരക്കടലാസിൽ ഇനിയൊരു പരിശോധന സാദ്ധ്യമല്ല. അതാണ് വിദ്യാർത്ഥികളെ ആശങ്കപ്പെടുത്തുന്നത്. പുനർ മൂല്യനിർയത്തിനുശേഷവും പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന് വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്.
ഓൺ സ്ക്രീൻ മാർക്കിംഗ് നടപ്പാക്കിയതോടെയാണ് മൂല്യനിർണയത്തിൽ പരാതികളുടെ കുത്താെഴുക്കുണ്ടായത്. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ചപ്പോൾ പല ഉത്തരങ്ങളും നോക്കിയിട്ടില്ലെന്നും ശരിയായ ഉത്തരങ്ങൾക്ക് പൂജ്യം മാർക്ക് നൽകിയിരിക്കുന്നുവെന്നും വിദ്യാർത്ഥികൾ തെളിവുസഹിതം ആരോപിച്ചിരുന്നു. ചില ഉത്തരക്കടലാസുകൾ വായിക്കാൻ പോലുകാമാത്ത രീതിയിലാണ് സ്കാൻ ചെയ്തിരുന്നത്. ആദ്യമൊന്നും ഇത് സമ്മതിക്കാതിരുന്ന അധികൃതർക്ക് ഒടുവിൽ തെറ്റ് സമ്മതിക്കേണ്ടിവന്നു. ഇതോടെ പുനർ മൂല്യനിർണയം ആവശ്യപ്പെട്ട് അപേക്ഷകരുടെ കുത്തൊഴുക്കാണ് ഉണ്ടായത്. അതോടെ സൈറ്റും പണിമുടക്കി. ഒടുവിൽ ദിവസങ്ങൾക്കൊടുവിലാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്.
കഴിഞ്ഞദിവസമാണ് പുനർ മൂല്യനിർണയത്തിന്റെ ഫലം പുറത്തുവന്നത്. അപേക്ഷകളിൽ 87 ശതമാനത്താേളം പുനർ മൂല്യനിർണയം നടത്തിയെന്നും ശേഷിക്കുന്നവ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നുമായിരുന്നു സിബിഎസ്ഇ പറഞ്ഞിരുന്നത്. അതിനിടെയാണ് പുനർ മൂല്യനിർണയത്തിനും പിഴവുകളുണ്ടെന്ന് പരാതികൾ ഉയരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |