
കസ്റ്റഡിയിലായത് പിണറായി അടക്കം 4 മുൻ മുഖ്യമന്ത്രിമാർ
അഭിജീത് ദീപ്കെയെ പിടിച്ചത് വിമാനത്തിൽ കയറി
7000ൽപ്പരം പ്രതിഷേധക്കാർ കസ്റ്റഡിയിൽ
സമരമുഖങ്ങളായി വഴിയോരങ്ങൾ
ന്യൂഡൽഹി: സമരക്കാരെ അമർച്ചചെയ്യാൻ പൊലീസും സമരകേന്ദ്രങ്ങളിൽ എത്താൻ പ്രക്ഷോഭകരും ആവുന്നത്ര ശ്രമിച്ചതോടെ രാജ്യതലസ്ഥാനം ഇന്നലെ ശ്വാസം മുട്ടുന്ന നിലയിലായി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൂടി സമരരംഗത്തെത്തിയതോടെയാണ് തലസ്ഥാനം വരിഞ്ഞുമുറുകിയത്. സി.ജെ.പിക്കൊപ്പം രാജ്യമെമ്പാടുമുള്ള മുതിർന്ന നേതാക്കളും ഇടതു വിദ്യാർത്ഥി- യുവജന സംഘടനകളും പൊലീസുമായി ഏറ്റുമുട്ടി. ഇതോടെ വഴിയോരങ്ങൾ സമരകേന്ദ്രങ്ങളായി. ജന്തർ മന്ദറിലേക്കുള്ള പ്രവേശനം തടഞ്ഞാൽ സമരം പൊളിയുമെന്ന സർക്കാർ കണക്കുകൂട്ടൽ ഒരുപരിധിവരെ വിജയിച്ചു. എന്നാൽ ഗ്യാനേഷിന്റെ രാജി വരെ സമരം തുടരുമെന്ന് പ്രക്ഷോഭകർ അറിയിച്ചതോടെ സ്ഥിതിഗതികൾ വീണ്ടും വഷളാകുന്ന നിലയിലായി.
മുൻമുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജ്‌രിവാൾ, മണിക് സർക്കാർ എന്നിവരെയുൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനകത്തു കയറിയാണ് തടങ്കലിലാക്കിയത്. സമരം നയിക്കാൻ ദീപ്കെ, അടുത്ത അനുയായിയായ അജിങ്ക്യ ഷിൻഡെയെ ചുമതലപ്പെടുത്തി. പ്രശസ്ത ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയെ പുലർച്ചെ തന്നെ കരുതൽ തടങ്കലിലാക്കി.
രാജ്യതലസ്ഥാനമാകെ പൊലീസ് വലയത്തിലായിരുന്നെങ്കിലും
അതിനെ ഭേദിച്ച് വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന്റെ മീറ്ററുകൾക്കടുത്തുവരെ ഇരച്ചെത്തി. ഏഴായിരത്തോളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.
കേരള ഹൗസിനു മുന്നിൽ നിന്ന് ജന്തർ മന്ദറിലേക്ക് നീങ്ങിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത് മൂന്നര മണിക്കൂറോളം വാഹനത്തിൽ നഗരം ചുറ്റിച്ചു.
ഇന്നും സമരം തുടർന്നേക്കും. നാളെ ഡൽഹിയെ പ്രകമ്പനം കൊള്ളിക്കുന്ന സമരമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. മുംബയിലും ബംഗളൂരുവിലും പഞ്ചാബിലും അടക്കം ഇന്നലെ പ്രതിഷേധമുയർന്നു.
ഇന്ന് സുപ്രീംകോടതിയുടെ
അസാധാരണ സിറ്റിംഗ്
#ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും ഒരു മയവുമില്ലാതെയാണ് പൊലീസ് നടപടികൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി കോടതിയലക്ഷ്യ ഹർജി നൽകി. ഇന്ന് ഞായറാഴ്ചയാണെങ്കിലും സുപ്രീംകോടി അസാധാരണ സിറ്റിംഗ് നടത്തിയേക്കും.
# നഗരത്തിൽ ഓരോ പോയിന്റിലും ബാരിക്കേഡുകളാണ്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് സമരക്കാരല്ലെന്ന് ബോദ്ധ്യപ്പെട്ടാലേ പൊലീസ് പോകാൻ അനുവദിക്കൂ. 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതും ജനത്തെ വലച്ചു.
നേതാക്കളെ വിട്ടയച്ചു
എം.എ.ബേബി, ബൃന്ദ കാരാട്ട്, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, തോമസ് ഐസക്, പി.രാജീവ്, ടി.പി.രാമകൃഷ്ണൻ, ഐഷി ഘോഷ്, എം.പിമാരായ പി.സന്തോഷ് കുമാർ, എ.എ.റഹീം, വി.ശിവദാസൻ, എളമരം കരീം, അപരാജിത രാജ, നേഹ ബോറ, ബി.വി.രാഘവുലു, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരും കസ്റ്റഡിയിലായെങ്കിലും രാത്രി വൈകി വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |