
ന്യൂഡൽഹി: എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജന്തർ മന്ദർ മാർച്ച് 45 മിനിട്ടോളം പൊലീസിനെ മുൾമുനയിൽ നിറുത്തി. ഡൽഹി ഗോൽ മാർക്കറ്റിലെ എ.കെ.ജി ഭവനു മുന്നിൽ നിന്ന് പ്രകടനം ജന്തർ മന്ദറിലേക്കുണ്ടാകുമെന്ന് അറിഞ്ഞ് നൂറുകണക്കിന് പൊലീസുകാരെയും കേന്ദ്രസേനയെയും അവിടെ നിയോഗിച്ചു. 11.45ഓടെ എ.കെ.ജി ഭവനിൽ നിന്ന് പ്രവർത്തകർ പുറത്തേക്ക്. മുൻനിരയിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, എസ്.എഫ്.ഐ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരെ തൂക്കിയെടുത്ത് കൊണ്ടുപോയി.
നൂറുകണക്കിന് പ്രവർത്തകർ കാൽനടയായി മുദ്രാവാക്യം വിളിച്ച് മുന്നോട്ട്. ഗോൾഡഖാന റൗണ്ട് എബൗട്ടിലെത്തിയപ്പോൾ അവിടെ നിന്ന പൊലീസ് സംഘം പ്രവർത്തകരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും അതിനെ ഭേദിച്ചു കുതിച്ചു. ഇതിനിടെ, രണ്ടിടത്ത് ബാരിക്കേഡുകൾ നിരത്തിയെങ്കിലും അതും ചാടിക്കടന്നു. വിദ്യാർത്ഥികൾക്കൊപ്പം ഓടിയെത്താൻ പൊലീസുകാർ പാടുപെട്ടു. ആർ.എം.എൽ ആശുപത്രിക്ക് മുന്നിലൂടെയും പാർലമെന്റിന്റെ വശത്തു കൂടെയും നടന്ന് ആകാശവാണി ഭവന് മുന്നിൽ വരെ പ്രവർത്തകരെത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന്റെ മീറ്ററുകൾക്ക് അകലെയാണിത്. അവിടെ പൊലീസ് വളഞ്ഞതോടെ വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്നു. എല്ലാവരേയും കസ്റ്റഡിയിലെടുത്ത് 2 ബസുകളിലായി മാറ്റി. പൊലീസിന്റെ വൻസന്നാഹത്തെ വകഞ്ഞുമാറ്റി തന്ത്രപ്രധാന സുരക്ഷാമേഖലയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്.
മാദ്ധ്യമപ്രവർത്തകരെയും
പൊലീസ് വലിച്ചിഴച്ചു
തിരിച്ചറിയൽ കാർഡ് വ്യക്തമായി പ്രദർശിപ്പിച്ച്, പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയും പൊലീസ് ആക്രമിച്ചു. പലരെയും കസ്റ്റഡിയിലെടുത്തു. ചിലരെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാനിൽ കയറ്റി. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ കസ്റ്റഡിയിലെടുക്കുന്നത് എന്തിനെന്നോ പൊലീസ് വിശദീകരിച്ചില്ല.ജന്തർ മന്ദറിലെത്തിയ റിപ്പോർട്ടർ ടി.വിയിലെ റോഷ്നി രാജൻ, ഫർസ ടി.എം, ന്യൂസ് ലോൺട്രിയിലെ അശ്വിൻ കുമാർ സിംഗ്, ആസ്താ സവ്യസാച്ചി, അൻമോൾ പ്രീതം എന്നിവരെ കസ്റ്റഡിയിലെടുത്ത് ഔദ്യോഗിക ഫോണുകൾ പിടിച്ചെടുത്തു.'ദി വയർ" വെബ്സൈറ്റിലെ അങ്കിത് രാജിനെയും തരുൺ സാഹുവിനെയും ദൃശ്യങ്ങൾ പകർത്തവേ പൊലീസ് തടഞ്ഞു.ജാൻവി സെൻ, ശ്രവസ്തി ദാസ്ഗുപ്ത, അന്തര ബറുവ എന്നിവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |