SignIn
Kerala Kaumudi Online
Sunday, 11 October 2026 2.30 AM IST

കൊട്ടിയടച്ച് ന്യൂഡൽഹി അരലക്ഷം പൊലീസ്,​ 9 തട്ടായി നിയന്ത്രണം

r

ന്യൂഡൽഹി: പാറ്റാസമരത്തെ നേരിടാൻ ഇന്നലെ ഡൽഹി പൊലീസ് നടപ്പാക്കിയത് രാജ്യതലസ്ഥാനമാകെ കൊട്ടിയടച്ചുള്ള സുരക്ഷാവിന്യാസം. റിപ്പബ്ളിക് ദിന ചടങ്ങിനും ലോക നേതാക്കൾ പങ്കെടുക്കുന്ന ജി20 അടക്കം അന്താരാഷ്‌ട്ര പരിപാടികൾക്കും വേണ്ടി ഒരുക്കാറുള്ള സംവിധാനങ്ങൾക്കും അപ്പുറമായിരുന്നു പൊലീസ് സന്നാഹം.

നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ മുതൽ പ്രതിഷേധവേദിവരെ ഒമ്പതു തട്ടുകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജന്തർ മന്ദറിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാൻ 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകളും റദ്ദാക്കി. നഗരത്തിലെ പ്രധാന റോഡുകൾ നിയന്ത്രിച്ചു. ഇന്ത്യാഗേറ്റ് ഭാഗത്ത് പൊതു ഗതാഗത, സ്വകാര്യ വാഹനങ്ങൾ കടത്തിവിട്ടില്ല. ഡൽഹി അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ജൻപഥ്-കർത്തവ്യപഥ് മേഖലയിലെ നാലു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു.

ന്യൂഡൽഹി ജില്ലയെ 20ലേറെ മേഖലകളായി തിരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു ക്രമീകരണങ്ങൾ. അരലക്ഷത്തിലേറെ പൊലീസുകാരെയും കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163ാം വകുപ്പ് പ്രകാരം പൊതുയോഗങ്ങൾക്കും അനുമതിയില്ലാത്ത പ്രകടനങ്ങൾക്കും വിലക്കേർപ്പെടുത്തി. റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും ഹോട്ടലുകളിലും പരിശോധന നടത്തി.സമരക്കാരെ തിരിച്ചറിയാൻ സാമൂഹികമാദ്ധ്യമങ്ങളിലെ സന്ദേശങ്ങളും നീക്കങ്ങളും നിരീക്ഷിച്ചിരുന്നു.

പൊലീസ് ശരീരത്തിലും കാമറ

300ലേറെ നിരീക്ഷണ കാമറകളും പൊലീസിന്റെ ശരീരത്തിൽ ഘടിപ്പിച്ച കാമറകളും ഉപയോഗിച്ച് ഓരോ സ്ഥലത്തെയും ചലനങ്ങൾ ഒപ്പിയെടുത്തു. പ്രതിഷേധം തുടങ്ങുംമുമ്പ് സമരക്കാരെ അറസ്റ്റു ചെയ്യുന്ന തന്ത്രമാണ് നടപ്പാക്കിയത്. അതിനാൽ,​ പലഭാഗത്തു നിന്നുള്ള പ്രതിഷേധക്കാർ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് തടയാനായി. മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലീസ് മേധാവികളോട് ഡൽഹി പൊലീസുമായി പ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360