
ന്യൂഡൽഹി: പൊലീസ് വൻമതിൽ കെട്ടിയിട്ടും ഡൽഹിയിൽ വിവിധയിടങ്ങളിലായി ഇന്നലെ പ്രതിഷേധം നടന്നത് സമരം ഉടനെയെങ്ങും അവസാനിക്കില്ല എന്നതിന്റെ സൂചനയായി. വലിയ പിരിമുറുക്കത്തിലൂടെയാണ് ഡൽഹി കടന്നുപോകുന്നത്. ജന്തർ മന്ദർ മേഖലയിലേക്ക് ആർക്കും പ്രവേശിക്കാനായില്ലെങ്കിലും തൊട്ടടുത്ത കേരള ഹൗസിനു മുന്നിലും സമീപ പ്രദേശങ്ങളായ മണ്ഡി ഹൗസിലും ഗോൾമാർക്കറ്റിലും സഫ്ജദർജംഗിലും സൗത്ത് അവന്യുവിലും,കൊണാട്ട് പ്ലേസിലും അടക്കം പ്രതിഷേധക്കാർ സംഘടിച്ചു. വലിച്ചിഴച്ചാണ് സമരക്കാരെ കസ്റ്റഡിയിലെടുത്തത്. ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയം,നോർത്ത് ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയം, ഇന്ത്യാ ഗേറ്റിന് സമീപത്തെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയം എന്നിവയെ താത്കാലിക തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. നേതാക്കളെയും പ്രവർത്തകരെയും ഇവിടെയാണ് പാർപ്പിക്കുന്നത്. വരുംദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന. പൊതുജനങ്ങൾ വലയുമെന്ന് ഉറപ്പ്. സമരത്തെ എതിർക്കുന്നവർ പ്രതിഷേധക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ടു ചെയ്യുന്നുണ്ട്. യുവാവിനെ മർദ്ദിക്കുന്നതിന്റെയും,യുവതിയുടെ വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ആംആദ്മി പാർട്ടി പ്രവർത്തകർ പഞ്ചാബിൽ പ്രതിഷേധിച്ചു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയിലെടുത്തു. ആംആദ്മി-ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷവുമുണ്ടായി. സമരത്തിനിറങ്ങുമെന്ന് വ്യക്തമാക്കിയിരുന്ന യുട്യൂബർ ധ്രുവ് റാഠിയെ ഹരിയാന ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പൊലീസ് വലിച്ചിഴച്ചു നീക്കുന്നതിനിടെ വി.ശിവദാസൻ എം.പിക്കും സി.പി.എം പി.ബി അംഗം തപൻ സെന്നിനും ഉൾപ്പെടെ പരിക്കേറ്റു. ജന്തർ മന്ദറിന് ചുറ്റളവിലുള്ള 4 കിലോമീറ്റർ പരിധിയിൽ ഇന്റർനെറ്റ് നിയന്ത്രണം തുടരുകയാണ്.
പ്രതിഷേധിച്ച
സംഘടനകൾ
സി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.എസ്.ബി, ഐസ, പി.എസ്.യു, എ.എസ്.എ.പി എന്നീ വിദ്യാർത്ഥി സംഘടനകളും ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, ആർ.വൈ.എ, ആർ.വൈ.എഫ്,എ.ഐ.ഡി.വൈ.ഒ, എ.ഐ.വൈ.എൽ അടക്കം യുവജന സംഘടനകളും.
ജനപിന്തുണയില്ല:
ബി.ജെ.പി
പ്രതിഷേധങ്ങൾക്ക് ജനപിന്തുണയില്ലെന്നും സി.ജെ.പിയുടെ പ്രതിഷേധആഹ്വാനം തടയാൻ പൊലീസിന് കഴിഞ്ഞത് ജനങ്ങളുടെ വിജയമാണെന്നും ബി.ജെ.പി വക്താവ് രവിശങ്കർപ്രസാദ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ, രാജ്യം ഒരിക്കലും തലകുനിച്ചിട്ടില്ല. പരാജയപ്പെട്ടവരും നിരാശരുമായ ആളുകൾ ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യം പരാജയപ്പെടുത്തി. ഡൽഹിയിൽ കുഴപ്പങ്ങൾ അരങ്ങേറുന്നതിനിടെ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ബി.ജെ.പി നേടിയ മികച്ച വിജയം എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |