SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.48 AM IST

ഷായ്ക്കെതിരായ വിവാദ പരാമർശം; രാഹുൽ കുറ്റവിമുക്തൻ

s

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചാക്ഷേപിച്ച കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെറുതെവിട്ടു. ബി.ജെ.പി പ്രവർത്തകനായ വിജയ് മിശ്ര സമർപ്പിച്ച മാനനഷ്‌ടക്കേസിലാണ് ഉത്തർപ്രദേശ് സുൽത്താൻപൂരിലെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നടപടി. പരാമർശങ്ങൾ അപകീർത്തികരമല്ലെന്ന് മജിസ്ട്രേട്ട് ശുഭം വെർമ വിലയിരുത്തി.

രാഹുൽ കോടതിയിൽ നേരിട്ടെത്തിയിരുന്നു. നേതാവ് കുറ്റവിമുക്തനായെന്ന് അറിഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ കോടതിവളപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ചു. 2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ബംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവാദ പരാമർശമുണ്ടായത്. അക്കാലത്ത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്നു ഷാ. 'സത്യസന്ധത, മാന്യത എന്നിവയെക്കുറിച്ച് സംസാരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അവരുടെ അദ്ധ്യക്ഷൻ കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇന്ത്യയിലുള്ളവർ മറന്നുപോകുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം. 2005ലെ വിവാദ സൊഹ്‌റാബുദ്ദിൻ ഷെയ്‌ഖ് ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ഷാ പ്രതിയായിരുന്നത് ചൂണ്ടിക്കാട്ടിയാണിത്.

അകമ്പടി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

രാഹുലിന് അകമ്പടി സേവിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഡൽഹിയിൽ നിന്ന് ലക്‌നൗ വിമാനത്താവളത്തിലെത്തിയ രാഹുൽ, അവിടെ നിന്ന് റോഡു മാർഗം സുൽത്താൻപൂർ കോടതിയിലേക്ക് പോകുകയായിരുന്നു. രാവിലെ 10.15ഓടെ ഹാലിയപൂരിലെത്തിയപ്പോൾ രാഹുൽ സഞ്ചരിച്ച കാറിന് പിന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടു. തൊട്ടുപിന്നാലെ വന്ന 5 കാറുകളും ഒരു ആംബുലൻസും അപകടത്തിൽപ്പെട്ടു. വാഹനങ്ങളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. സംഭവത്തിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം മൂന്നംഗ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAH, RAHUL GANDHI, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360