
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അന്തരിച്ച പിതാവിനെ പരാമർശിച്ച് ഖാർഗെ നടത്തിയ പ്രസ്താവനയിൽ മാപ്പുപറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാർച്ചിൽ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ ഹർഷ് മൽഹോത്ര ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു.
രാജാജി മാർഗിലെ വസതിയിലേക്ക് സേനാ ഭവൻ സർക്കിളിൽനിന്ന് നീങ്ങിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. അതേസമയം, പാട്നയിൽ ബീഹാർ ബി.ജെ.പി അദ്ധ്യക്ഷൻ സഞ്ജയ് സരോഗിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ഖാർഗെയുടെ കോലം കത്തിച്ചു. ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ച കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക്, ബി.ജെ.പി നേതാവ് അശ്വത് നാരായൺ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ലക്നൗവിലും ജമ്മുവിലും പ്രവർത്തകർ തെരുവിലിറങ്ങി. ജമ്മുവിൽ ഖാർഗെയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ കത്തിച്ച് മുദ്രാവാക്യം വിളിച്ചു. ഖാർഗെ മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പരാമർശം രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിമർശിച്ചു. ഇതിനിടെ പാട്നയിൽ ബി.ജെ.പി പ്രവർത്തകൻ പൊലീസിൽ പരാതിയും നൽകി. ഖാർഗെ 24 മണിക്കൂറിനകം മാപ്പുപറയണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |