
ഭോപ്പാൽ: മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മുറുക്കി (ഗുട്ക) തുപ്പുന്നതിനിടെ 11 കെവി ഹൈടെൻഷൻ
ലൈനിൽ നിന്ന് ഷോക്കേറ്റ് 65കാരൻ മരിച്ചു. മദ്ധ്യപ്രദേശിലെ വിദിഷയിൽ ഒക്ടോബർ 23ന് ഉച്ചയ്ക്ക് ഒന്നോടെയയിരുന്നു സംഭവം. ഛത്തർപൂർ സ്വദേശിയായ പ്രഭുലാൽ ഗുപ്തയാണ് മരിച്ചത്.
കഴിഞ്ഞ പത്തുവർഷമായി അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രഭുലാൽ. ഗുട്ക ചവച്ചശേഷം തുപ്പുന്നതിനിടെ ഉമിനീർ സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതിലൈനുമായി സമ്പർക്കത്തിലായതോടെ ഗുരുതരമായി പൊള്ളലേറ്റെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപകടത്തെത്തുടർന്ന് വൈദ്യുതി വകുപ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകൾക്ക് സമീപം അപകടകരമാംവിധത്തിൽ ഹൈടെൻഷൻ ലൈനുകൾ കടന്നുപോകുന്നതിനെ നാട്ടുകാർ രൂക്ഷമായി വിമർശിച്ചു. ഉമിനീരിൽ ജലാംശവും ലവണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ചില സാഹചര്യങ്ങളിൽ ഇത്തരത്തിൽ അപകടം സംഭവിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇലവൻ കെവി പോലെ ഉയർന്ന വോൾട്ടേജുള്ള വൈദ്യുതിലൈനിന് സമീപത്ത് വൈദ്യുതി വായുവിലൂടെ സഞ്ചരിക്കാനുള്ള സാദ്ധ്യതയുണ്ട്. ശരീരത്തിലൂടെ വൈദ്യുതപ്രവാഹത്തിന് പാതയൊരുങ്ങിയാൽ ഗുരുതരമായ പൊള്ളലിനും മരണത്തിനും വരെ കാരണമാകാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |