
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും. ഇവിടെ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. ഇന്ത്യൻ ഇടംകയ്യൻ ബാറ്റർ ഇഷാൻ കിഷന് കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റതിനാൽ ഇന്ന് കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ. തുടയിലെ പേശിക്കാണ് പരിക്ക്. ഇതുകാരണമാണ് ഇഷാൻ കഴിഞ്ഞ മത്സരത്തിൽ സ്ഥിരം പൊസിഷനായ ഫസ്റ്റ് ഡൗണായി ഇറങ്ങാതിരുന്നത്, പിന്നീട് അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും ഒരു റൺസെടുത്ത് മടങ്ങേണ്ടിവന്നു.
ഇഷാൻ കിഷന് പകരം ഇന്ന് കൗമാരതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കുമെന്നാണ് സൂചന.അഫ്ഗാനുമായുള്ള പരമ്പര മുതൽ ടീമിലുള്ള വൈഭവിന് ഏഷ്യൻ ഗെയിംസിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ശേഷം വിൻഡീസുമായുള്ള അഞ്ച് മത്സരങ്ങളിലും ബെഞ്ചിലിരുന്നു. വൈഭവിനെ കളിപ്പിക്കുകയാണെങ്കിൽ ടീമിന്റെ ബാറ്റിംഗ് പൊസിഷനിൽ മാറ്റം വരുത്തേണ്ടിവരും. വൈഭവ് ട്വന്റി-20 ഫോർമാറ്റിൽ ഓപ്പണറായി മാത്രമാണ് കളിച്ചിട്ടുള്ളത്. അഭിഷേകും സഞ്ജുവും ചേർന്ന ഓപ്പണിംഗ് ജോഡിയെ മാറ്റി വൈഭവിന് അവസരം നൽകുകയാണെങ്കിൽ സഞ്ജു ഫസ്റ്റ് ഡൗൺ പൊസിഷനിലേക്ക് മാറേണ്ടിവരും. ഓപ്പണറായിറങ്ങിയ കഴിഞ്ഞ അഞ്ച് ട്വന്റി-20കളിൽ മൂന്നിലും സഞ്ജു അർദ്ധസെഞ്ച്വറികൾ നേടിയിരുന്നു.
ബൗളിംഗാണ് കടുപ്പം
വിൻഡീസിനെതിരായ പരമ്പരയിൽ തല്ലുകൊണ്ട് തളർന്ന ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കിവീസിലെ ആദ്യ ട്വന്റി-20യിലും നന്നായി ശിക്ഷകിട്ടി. മാസങ്ങൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ നാലോവറിൽ 49 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടാനായതുമില്ല. തന്റെ ട്വന്റി-20 കരിയറിൽ ഇതുവരെ നോബാൾ എറിഞ്ഞിട്ടില്ലായിരുന്ന ഭുവി ഈ മത്സരത്തിൽ രണ്ട് നോബാളുകൾ എറിയുകയും ചെയ്തു. അർഷ്ദീപ്, നിതീഷ്, മയാങ്ക് ,അക്ഷർ പട്ടേൽ എന്നിവരും നന്നായി തല്ലുകൊണ്ടു,
നമാന് നമോവാകം
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയോടെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ആൾറൗണ്ടർ നമാൻ ധിർ കഴിഞ്ഞ മത്സരത്തിലെ തകർപ്പൻ ചേസിംഗിലൂടെ ആരാധകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 15 പന്തുകളിൽ അഞ്ച് ഫോറുകളും രണ്ട് സിക്സുകളും പറത്തിയാണ് നമാൻ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 19-ാം ഓവറിൽ ശ്രേയസ് പുറത്തായപ്പോഴും പതറാതെ ബാറ്റിവീശിയ നമാൻ ടീമിന് ആവശ്യമായ സമയത്ത് ഉയോഗിക്കാവുന്ന സ്പിന്നർ കൂടിയാണ്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : ശ്രേയസ് അയ്യർ (ക്യാപ്ടൻ),സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, വൈഭവ് സൂര്യവംശി, ശിവം ദുബെ, കുൽദീപ് യാദവ്,ഭുവനേശ്വർ കുമാർ, നമാൻ ധിർ,നിതീഷ് റെഡ്ഡി, അക്ഷർ പട്ടേൽ, പ്രിൻസ് യാദവ്, മയാങ്ക് യാദവ്, വരുൺ ചക്രവർത്തി.
ന്യൂസിലാൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്ടൻ),ഫിൻ അല്ലാൻ, മിച്ചൽ ബ്രേസ്വെൽ,ജോഷ് ക്ളാർക്ക്സൺ, ഡെവൺ കോൺവേ,ജേക്കബ് ഡഫി,ലോക്കീ ഫെർഗൂസൻ,മാറ്റ് ഹെൻറി, ബെവൺ ജേക്കബ്സ്,കൈൽ ജാമീസൺ,ആദം മിൽനേ,ഡാരിൽ മിച്ചൽ,ഗ്ളെൻ ഫിലിപ്പ്സ്,ടിം സീഫർട്ട്,നഥാൻ സ്മിത്ത്,ബ്ളെയർ ടിക്നർ.
12.30 മുതൽ സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും ലൈവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |