
ധാക്ക: 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ പണി തടസപ്പെടുത്തിയെന്നും രാമചിത്രത്തെ അപമാനിച്ചെന്നും ആരോപിച്ച് ബംഗ്ലാദേശിലെ ധാക്കയിൽ വൻ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി ഹിന്ദു മഹാജോട്ട് ഉൾപ്പടെയുള്ള വിവിധ ഹെെന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ധാക്കയിൽ പന്തംകൊളുത്തിയും 'ജയ് ശ്രീറാം' വിളിച്ചും ആയിരക്കണക്കിന് പേർ അണിനിരന്നു. ശ്രീരാമന്റെ ചിത്രത്തെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഷാഹ്ബാഗിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ നാഷണൽ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തി.
ബംഗ്ലാദേശിലെ രംഗ്പൂരിന് സമീപം ഗായ്ബന്ധ ജില്ലയിലെ പലാഷ്ബാരിയിൽ നിർമ്മിച്ചുകൊണ്ടിരുന്ന 81 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമാണം നിർത്തിവച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ശ്രീ രാഘ ഗോവിന്ദ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഈ പ്രതിമ ഏകദേശം 80 ശതമാനം പൂർത്തിയായിരുന്നു. 22കോടി ചെലവിലാണ് പദ്ധതി ആരംഭിച്ചത്. രാമ പ്രതിമയ്ക്ക് പുറമെ 50 അടി ഉയരമുള്ള ശ്രീകൃഷ്ണ പ്രതിമയും 30 അടി ഉയരമുള്ള ശിവ പ്രതിമയും നിർമ്മിക്കാനായിരുന്നു പദ്ധതി.
ചില ഇസ്ലാമിക് ഗ്രൂപ്പുകളുടെ ഭീഷണിയെ തുടർന്ന് നിർമാണം നിർത്തിവച്ചെന്ന് ശ്രീ രാഘ ഗോവിന്ദ ക്ഷേത്ര കമ്മിറ്റി പറഞ്ഞു. ഭയം മൂലമാണ് പണിനിർത്തിവച്ചതെന്നാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് ചന്ദ്രദാസ് പറഞ്ഞത്. ഇതിന് പിന്നാലെ ഈ മാസം ആദ്യം ഗെെബന്ധയിൽ നടന്ന പ്രകടനത്തിനിടെ ഇസ്ലാംമത വിശ്വാസികൾ രാമന്റെ ചിത്രത്തിൽ ഷൂവച്ചെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് ഹെെന്ദവ സംഘടനകൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ 72 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ നടത്തുമെന്നാണ് അവരുടെ മുന്നറിയിപ്പ്. പ്രതിമയുടെ നിർമ്മാണം പുനരാരംഭിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് ഹിന്ദു മഹാജോട്ട് മുന്നറിയിപ്പ് നൽകി. കൂടാതെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പൂജാ സെലിബ്രേഷൻസ് നാഷണൽ കമ്മിറ്റി അറിയിച്ചു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷമായ ഹിന്ദുകൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം എട്ട് ശതമാനം വരും ഹിന്ദുക്കൾ. ഈ വർഷം ജനുവരി ഒന്നിനും മാർച്ച് 31നും ഇടയിൽ ഏകദേശം 133 വർഗീയ ആക്രമസംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |