
പാരീസ്: ഫ്രാൻസിലെ എവിയനിൽ തുടങ്ങിയ ജി 7 ഉച്ചകോടിയ്ക്കിടെ സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. 2025 ഫെബ്രുവരിയിൽ വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം ഇരുവരും നേരിട്ട് കാണുന്നത് ഇപ്പോഴാണ്. ഉച്ചകോടിക്കിടെ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തും.
വേദിയിൽ മോദിയെ കണ്ടയുടൻ ട്രംപ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ഹസ്‌തദാനം ചെയ്‌തു. അൽപനേരം കുശലാന്വേഷണം നടത്തി. ഫോട്ടോ സെഷനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള പ്രധാനമന്ത്രിയുടെ സൗഹൃദ പ്രകടനവും ശ്രദ്ധേയമായി.
ഗ്രൂപ്പ് ഫോട്ടോയ്‌ക്കായി ലോക നേതാക്കൾക്കൊപ്പം മുൻനിരയിലാണ് മോദി നിന്നത്. യു.എസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നീ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7. ഇന്ത്യ ജി 7ൽ അംഗമല്ലെങ്കിലും 2019 മുതലുള്ള എല്ലാ ഉച്ചകോടികളിലും പ്രധാനമന്ത്രിയെ ക്ഷണിച്ചു.
# ഇന്ത്യയുടെ സാന്നിദ്ധ്യം
അനിവാര്യം: മാർക്ക് കാർണി
ജി 7ന് ഇനി ലോകത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ജി 7 ഉച്ചകോടിയിൽ ഇന്ത്യയെ പോലുള്ള ശക്തികളുടെ സാന്നിദ്ധ്യം വിശാലമായ അന്താരാഷ്ട്ര സഹകരണത്തിലേക്കുള്ള അനിവാര്യമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നെന്നും കാർണി ചൂണ്ടിക്കാട്ടി. മാറുന്ന ആഗോള ശക്തിഘടനയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
# ഇന്ന് സമാപിക്കും
തിങ്കളാഴ്ച തുടങ്ങിയ ഇക്കൊല്ലത്തെ ഉച്ചകോടി ഇന്ന് സമാപിക്കും. ഇറാൻ-യു.എസ് കരാർ മുതൽ ആഫ്രിക്കയിലെ എബോള വ്യാപനം അടക്കം വിഷയങ്ങൾ ഇന്നലെ ചർച്ചയായി. യുക്രെയിൻ, യു.എ.ഇ, ബ്രസീൽ, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |