
എക്കാലത്തും വിദ്യാർത്ഥികളുടെ സ്വപ്ന കോഴ്സാണ് എം.ബി.ബി.എസ്. കേരളത്തിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 6.61ലക്ഷം മുതൽ 7.65ലക്ഷം വരെയാണ് വാർഷിക ഫീസ്. 86,600വരെ സ്‌പെഷ്യൽ ഫീസുമുണ്ട്. നീറ്റ് റാങ്കിൽ മുന്നിലെത്തിയാലും ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാനാവാത്ത സ്ഥിതിയായപ്പോഴാണ് സർക്കാർ അവർക്കായി സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്. ഫീസിന്റെ 90ശതമാനം സർക്കാർ നൽകുമെന്നായിരുന്നു ഉറപ്പ്. ഇത് വിശ്വസിച്ച് സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. എൻ.ആർ.ഐ വിദ്യാർത്ഥികളിൽനിന്ന് അധികഫീസായി വാങ്ങുന്ന അഞ്ചുലക്ഷം രൂപ സ്കോളർഷിപ്പിനായി പ്രത്യേകം കോർപ്പസ് ഫണ്ടായി നീക്കിവച്ചിരുന്നത് ക്രോസ് സബ്സിഡിയാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കുകയും സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. അതോടെ സർക്കാരിന്റെ ഉറപ്പിൽ പ്രവേശനം നേടിയവർ വഴിയാധാരമായി.
ബി.പി.എൽ സ്കോളർഷിപ്പ് റദ്ദാക്കപ്പെട്ടതോടെ ഗുരുതരമായ പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നത്. 2021-21 വർഷം വരെ പ്രവേശനം നേടിയവർക്ക് 37കോടി അനുവദിച്ചതോടെ കോർപസ് ഫണ്ട് കാലിയായി. അതിനു ശേഷമുള്ള കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകിയിട്ടില്ല. ഫീസടയ്ക്കാത്തതിനാൽ കുട്ടികളെ പുറത്താക്കുമെന്നാണ് കോളേജ് മാനേജ്മെന്റുകളുടെ ഭീഷണി. പലയിടത്തും വിദ്യാർത്ഥികൾക്ക് ഹാജർ നൽകുന്നില്ല. ഫീസ് പൂർണമായി നൽകാമെന്ന് ബോണ്ട് വാങ്ങിയാണ് ഹൗസ് സർജൻസി ചെയ്യുന്നവർക്ക് ക്ലിനിക്കൽ പരിശീലനം നൽകുന്നത്. പഠനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്നും ചില കോളേജുകളിൽ കുട്ടികളെ ക്ലാസിൽ കയറ്റുന്നില്ലെന്നുമടക്കം പരാതികളുണ്ട്. പണമില്ലാത്തതിന്റെ പേരിൽ ദരിദ്രരുടെ മക്കൾക്ക് പഠിക്കാനാവാത്ത സാഹചര്യമൊഴിവാക്കാൻ സ്കോളർഷിപ്പ് തുടരണമെന്നാണ് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തത്.
സ്കോളർഷിപ്പിനായി പ്രത്യേക നിയമനിർമ്മാണം നടത്തുകയാണ് സർക്കാരിന് മുന്നിലുള്ള ഏക പോംവഴി. സ്കോളർഷിപ്പിനായി നിയമനിർമ്മാണം നടത്താമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും സർക്കാർ ഇനിയും അതിന് മുതിർന്നിട്ടില്ല. സ്കോളർഷിപ്പിനായി നിയമം കൊണ്ടുവരാതെ എക്സിക്യുട്ടീവ് ഉത്തരവിറക്കിയതാണ് ഹൈക്കോടതി റദ്ദാക്കിയത്. സ്കോളർഷിപ്പ് ലഭിക്കുന്നവർ പഠനത്തിനുശേഷം രണ്ടുവർഷം സർക്കാരിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥയുമുണ്ട്. കൂലിവേലക്കാർ, പരമ്പരാഗത തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, കർഷകതൊഴിലാളികൾ, തയ്യൽ, ബീഡി, തെങ്ങുകയറ്റ തൊഴിലാളികൾ, ബാർബർ, ഇരുമ്പുപണിക്കാർ, വഴിയോര കച്ചവടക്കാർ, കശുഅണ്ടി, നെയ്ത്ത്, തോട്ടം തൊഴിലാളികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്കാണ് സ്കോളർഷിപ്പ് കിട്ടുന്നത്. പുറമ്പോക്കിൽ താമസിക്കുന്നവരുടെയും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരുടെയും മക്കൾക്കും ലഭിക്കും. കളക്ടറാണ് അന്വേഷണം നടത്തി സ്കോളർഷിപ്പിന് ശുപാർശ ചെയ്യേണ്ടത്.
സ്വാശ്രയ കോളേജുകളിലെ വലിയ ഫീസ് താങ്ങാനാവാത്ത പാവപ്പെട്ടവരുടെ മക്കൾക്ക് ഏക ആശ്രയം ഫീസിന്റെ 90%വരെ ലഭിക്കുന്ന സർക്കാരിന്റെ സ്കോളർഷിപ്പായിരുന്നു. ഇനി മുതൽ സ്വാശ്രയ കോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന ദരിദ്രകുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾ സീറ്റ് ഉപേക്ഷിക്കേണ്ടി വരും. സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് മാത്രമായി ഇവർക്ക് ഓപ്ഷൻ ചുരുക്കേണ്ടി വരും. സർക്കാർ മെഡിക്കൽ കോളേജുകളിൽ കാൽലക്ഷത്തിൽ താഴെയേ ഫീസുള്ളൂവെങ്കിലും സീറ്റുകൾ പരിമിതമാണ്. സ്വാശ്രയ കോളേജുകളിലാവട്ടെ 85ശതമാനം സീറ്റുകളിലും ഒരേ ഫീസാണ്. മുൻപ് 50: 50 വ്യവസ്ഥയുണ്ടായിരുന്നപ്പോൾ കുറഞ്ഞ ഫീസിൽ സീറ്റുകൾ ലഭ്യമായിരുന്നു. എന്നാൽ ഇതും ക്രോസ് സബ്സിഡിയുടെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതോടെയാണ് 15ശതമാനം എൻ.ആർ.ഐ ക്വോട്ട ഒഴിച്ചുള്ള 85ശതമാനം സീറ്റുകളിലും ഉയർന്ന ഫീസ് നിരക്കായത്.
പ്രതിസന്ധി അതിരൂക്ഷം
സ്വാശ്രയ മെഡിക്കൽ ഫീസ് നിരക്ക് ഏകീകരിച്ചതിനൊപ്പം 2017ലാണ് ബി.പി.എൽ സ്കോളർഷിപ്പ് ആരംഭിച്ചത്. സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടുന്ന ദാരിദ്ര്യരേഖക്ക് താഴെയുള്ള വിദ്യാർത്ഥികളുടെ ഫീസിന്റെ 90ശതമാനമാണ് സ്കോളർഷിപ്പായി നൽകിയത്. ഇതിനായി എൻ.ആർ.ഐ ക്വോട്ടയിലെ വിദ്യാർത്ഥികളിൽ നിന്ന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ അധികതുകയായി ഈടാക്കി കോർപസ് ഫണ്ടിൽ നിക്ഷേപിക്കാനായിരുന്നു തീരുമാനം. ഇതുപ്രകാരം എൻ.ആർ.ഐ ഫീസ് 15 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു. ആദ്യവർഷത്തെ തുക എൻട്രൻസ് കമ്മിഷണർ ശേഖരിക്കുമ്പോൾ തുടർന്നുള്ള വർഷങ്ങളിലെ തുക കോളജുകൾ ശേഖരിച്ച് സർക്കാറിലേക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. ഇതുസംബന്ധിച്ച് സർക്കാരും പ്രവേശന, ഫീസ് നിയന്ത്രണ സമിതികളും ഇറക്കിയ ഉത്തരവ് സ്വാശ്രയ കോളജുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും റദ്ദാക്കപ്പെടുകയുമായിരുന്നു. അതോടെ, എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന അധികഫീസ് കോളേജുകൾ എൻട്രൻസ് കമ്മിഷണർക്ക് നൽകുന്നുമില്ല.
2024മുതൽ പ്രവേശനം നേടുന്നവരിൽ നിന്ന് എൻട്രൻസ് കമ്മിഷണർ ആദ്യതവണയായ 5ലക്ഷം ഈടാക്കുന്നുമില്ല. പ്രവേശന, ഫീസ് നിയന്ത്രണ സമിതി രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിൽ കോർപ്പസ് ഫണ്ട് ശേഖരിക്കുന്നതിൽ സമിതിക്ക് പ്രത്യേക അധികാരമൊന്നും വ്യവസ്ഥ ചെയ്തിട്ടില്ല. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെയും സുപ്രീക്കോടതിയുടെയും ഉത്തരവുകളുണ്ടായത്. പ്രത്യേക നിയമനിർ മ്മാണത്തിലൂടെയോ 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിൽ പ്രവേശന, ഫീസ് നിയന്ത്രണ സമിതിയുടെ അധികാരം വിപുലപ്പെടുത്തിയോ പ്രശ്നത്തിന് പരിഹാരം കാണാനാവും.
ഹൈക്കോടതി ചോദിച്ചത്
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികൾ എങ്ങനെ ഫീസടയ്ക്കും?
ഈ കുട്ടികളെ സർക്കാർ എങ്ങനെ സംരക്ഷിക്കും?
ഇവരെ ഗവ.മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുമോ?
ഇവർ ഫീസടയ്ക്കണമെന്ന് എങ്ങനെ നിർദ്ദേശിക്കാനാവും?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |