
കൊല്ലം: കുറ്റിച്ചിറ തൃശൂർ ജുവലറിയിൽ വൻ മോഷണം. ജുവലറിയിൽ 18 വർഷമായി ജോലി ചെയ്യുന്ന പ്രശാന്ത് എന്നയാളാണ് വിദഗ്ദ്ധമായ മോഷണം നടത്തിയത്. 22 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്‌ടിച്ചത്.
ഭാരം കൂടിയ ആഭരണങ്ങൾ കൈക്കലാക്കിയ ശേഷം അതേ മോഡലിലുള്ള ഭാരം കുറഞ്ഞ ആഭരണം വച്ചാണ് ഇയാൾ മോഷണം നടത്തിക്കൊണ്ടിരുന്നത്. സ്വർണത്തിൽ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ നിരീക്ഷണത്തിലാണ് മോഷണം നടക്കുന്നുണ്ടെന്ന് മനസിലായത്. ഇതോടെ ജുവലറി ഉടമ ഹസീനയുടെ മകൻ ആസിഫ് നജീബ് പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് കിളികൊള്ളൂർ പൊലീസ് ഇക്കഴിഞ്ഞ മേയ് 17ന് കേസ് രജിസ്റ്റർ ചെയ്‌ത ശേഷം നടത്തിയ ചോദ്യംചെയ്യലിൽ പ്രശാന്ത് കുറ്റം സമ്മതിച്ചു.
ഹസീനയുടെ ഭർത്താവ് നജീബ് ദാവൂദ് ആറ് മാസം മുമ്പാണ് മരണപ്പെട്ടത്. ഈ സമയം മുതലെടുത്തായിരുന്നു മോഷണം. തന്റെ വീടും വസ്‌തുവും വിറ്റ് പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും മേയ് 19ന് പ്രശാന്ത് ഒളിവിൽപ്പോയി. ശേഷം ഇയാൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ, ജാമ്യാപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഏഴ് ദിവസത്തിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉത്തരവിട്ടു. തുടർന്ന് ജൂൺ 17 ബുധനാഴ്‌ച പ്രതി കിളികൊള്ളൂർ സ്റ്റേഷനിൽ ഹാജരായി. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |