SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 AM IST

കഞ്ചാവ് കടത്തുകാരൻ സൈക്കോ സാബുവിന്റെ പാസ്പോർട്ടിന് ഇരട്ടപ്പൂട്ട്

phyco-sabu

50കിലോ കഞ്ചാവ് കടത്തുകേസിലെ പ്രതി

കൊച്ചി: വേമ്പനാട് കായൽ കേന്ദ്രീകരിച്ച് ജലയാനങ്ങളിലൂടെ കഞ്ചാവ് കടത്തുന്ന സൈക്കോ സാബുവിന്റെ പാസ്പോർട്ടിന് ‘ഇരട്ടപ്പൂട്ടിട്ട്’ എക്സൈസ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് കടത്തുന്ന കഞ്ചാവ് വിതരണത്തിലൂടെ കിട്ടിയ പണവുമായി വിദേശത്തേക്ക് കടക്കാനുള്ള സാബുവിന്റെ ശ്രമം ഇതോടെ പാളി. കഴിഞ്ഞ മേയിൽ രാത്രി വല്ലാർപാടം പനമ്പുകാടിലെ ഇയാളുടെ വീട്ടിൽനിന്ന് എക്സൈസ് ആന്റി നാർക്കോട്ടിക് സെൽ 18കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. 50കിലോ കഞ്ചാവ് ശേഖരിച്ചിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് എത്തുന്നതിന് മുമ്പ് 32കിലോ കഞ്ചാവുമായി വിതരണത്തിന് സൈക്കോയും കൂട്ടാളികളും കാറിൽ പോയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ജാതക്ക് നായിക്കാണ് അന്ന് അറസ്റ്റിലായത്. കേസിൽ ഒന്നാംപ്രതിയാണ് സാബു.

ലഹരികടത്തിന് മറയാക്കി ‘സൈക്കോ’വേഷം

പനമ്പുകാടിലെ മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിലാണ് വീട്. പൊലീസും എക്സൈസും ഇങ്ങോട്ട് വരില്ലെന്ന ധൈര്യത്തിൽ വൻതോതിൽ കഞ്ചാവ് ശേഖരിക്കും. പരിസരവാസികൾ വീട്ടിലേക്ക് അടുക്കാതിരിക്കാൻ പകൽനേരം ഉച്ചത്തിൽ അട്ടഹസിക്കുകയും പാട്ടുകൾ പാടുകയും വിവസ്ത്രനായി വീടിന് ചുറ്റും ഓടുകയും കായലിൽ ചാടുകയും ചെയ്യും. ഇതാണ് സൈക്കോ സാബുവെന്ന പേരിനിടയായത്. കഞ്ചാവുകടത്തിന് മറയായിട്ടാണ് സൈക്കോ വേഷം കെട്ടലെന്ന് എക്സൈസ്. സ്വകാര്യബസിൽ ആദ്യം കിളിയും ഡ്രൈവറുമായിരുന്ന സാബു പെട്ടെന്ന് ധനികനാകാനാണ് ലഹരിവിതരണത്തിലേക്ക് തിരിഞ്ഞത്. ഭാര്യ വിദേശത്താണ്.


അടിപൊളി സെറ്റപ്പ്

പുറമേയ്ക്ക് ഷീറ്റ് മേഞ്ഞ വീടിനുള്ളിലേക്ക് കടന്നാൽ സെറ്റപ്പ് വേറെയാണ്. ടി.വി, വാഷിംഗ്‌മെഷീൻ, ഫ്രിഡ്ജ് തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. സൈക്കോ സ്വഭാവത്തിന് തെളിവായി ചുമരുകളിൽ പലതരത്തിലുള്ള വാചകങ്ങൾ കോറിയിട്ടുണ്ട്. വീടിന്റെ പലഭാഗത്തായി കഞ്ചാവ് ചാക്കിൽ കെട്ടിയി‌ട്ട നിലയിലായിരുന്നു.രാത്രിനേരത്ത് വള്ളങ്ങളിലും വാഹനങ്ങളിലുമായാണ് കടത്ത്.

പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

പനമ്പുകാടിലെ വീട്ടിൽ നിന്ന് എക്സൈസ് കസ്റ്റഡിയിലെടുത്ത പാസ്പോർട്ട് കോടതിക്ക് കൈമാറിയതോടെ വിമാനത്താവളങ്ങൾവഴി വിദേശത്തേക്ക് കടക്കാനുള്ള വഴിയടഞ്ഞു. ഇതോടെ സാബു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ ഒളിവിൽ കഴിയുന്നതായാണ് എക്സൈസ് ഇന്റലിജൻസിന്റെ അറിവ്. കൊച്ചി കേന്ദ്രീകരിച്ച് പൊലീസിനും എക്സൈസിനും പിടികൊടുക്കാതെ ലഹരി കടത്തിക്കൊണ്ടിരുന്ന സാബുവിന് ഇതോടെ മൂക്കുകയർ വീണു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY