SignIn
Kerala Kaumudi Online
Sunday, 21 June 2026 7.42 PM IST

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവം: മരുമകൻ അധിക്ഷേപിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

READ ENGLISH VERSION
gopalan

കോഴിക്കോട്: വിമുക്തഭടൻ ഗോപാലൻ (75) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരുമകൻ പരസ്യമായി അധിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഗോപാലൻ കുഴഞ്ഞുവീണതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ഗോപാലന്റെ മകൾ ദിവ്യ ആരോപിക്കുന്നത്.

താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം ഗോപാലന്റെ മകൾ ദിവ്യ നടത്തുന്ന ബ്യൂട്ടി പാർലറിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാർലറിലെത്തിയ ഗോപാലനെ കൊച്ചുമക്കൾ സ്‌നേഹത്തോടെ സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ തൊട്ടുപിന്നാലെ ദിവ്യയുടെ ഭർത്താവ് വിനീഷ് ഇറങ്ങിവരികയും ഗോപാലനെ അസഭ്യം പറഞ്ഞ് അവിടെനിന്ന് ഇറക്കിവിടുകയുമായിരുന്നു. ഇതിനുപുറമെ, ദിവ്യയെ വിനീഷ് സ്റ്റെയർ കേസിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉപദ്രവിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

കുടുംബപ്രശ്നങ്ങളെ തുടർന്ന് വിനീഷ് ദിവ്യയെ നിരന്തരമായി മർദ്ദിക്കാറുണ്ടായിരുന്നു. മുൻപ് ദിവ്യയുടെ സ്‌കൂട്ടർ വിനീഷ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. മകൾ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളിൽ ഗോപാലൻ മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.

ബ്യൂട്ടി പാർലറിൽ നിന്നും വെറും 50 മീറ്റർ മാത്രം അകലെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷൻ. എന്നിട്ടുകൂടി പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് മകൾ ദിവ്യ ആരോപിച്ചു. മരുമകന്റെ മാനസിക പീഡനത്തെത്തുടർന്നാണ് ഗോപാലൻ മരിച്ചതെന്ന് സുഹൃത്തുക്കൾ തുടക്കം മുതലേ ആരോപിച്ചിരുന്നു. പുതിയ തെളിവുകൾ പുറത്തുവന്നിട്ടും കുറ്റാരോപിതനായ വിനീഷിനെതിരെ കേസെടുക്കാൻ പൊലീസ് മടിക്കുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, LATESTNEWS, CCTV, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY