SignIn
Kerala Kaumudi Online
Tuesday, 23 June 2026 11.33 AM IST

ബിജെപി കൗൺസിലർ സെൻട്രൽ ജയിലിലേക്ക്; പൊലീസുകാർ താലിമാല പൊട്ടിച്ചെന്ന് സുഗതന്റെ ഭാര്യ

READ ENGLISH VERSION
sugathan

തിരുവനന്തപുരം: വധശ്രമക്കേസിൽ ഇന്നലെ രാത്രി പിടിയിലായ ബിജെപി കൗൺസിലർ ആർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. പൊലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഴോട്ടുകോണം കൗൺസിലറാണ് സുഗതൻ. ഇന്നലെ അർദ്ധരാത്രിയിൽ വീടുവളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാടകീയതകൾക്കൊടുവിൽ സംഭവസ്ഥലത്ത് വെടിയുതിർത്താണ് സംഘർഷാന്തരീക്ഷത്തിൽ കൗൺസിലറെ കസ്റ്റഡിയിലെടുത്തത്.

ഇദ്ദേഹം ഒരു മാസത്തിലധികമായി ഒളിവിലായിരുന്നുവെന്ന് മുൻപ് പൊലീസ് വ്യക്തമാക്കിയിരുന്നു. വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഒളിവിലായിരുന്ന സുഗതൻ വാഴോട്ടുകോണത്ത് എത്തിയതറിഞ്ഞ് എസ്‌എച്ച്ഒ വിപിനും പൊലീസ് സംഘവും സ്ഥലത്തെത്തി, ഈ സമയം സുഗതന്റെ അനുയായികൾ പൊലീസിനെ വളഞ്ഞു. തുടർന്ന് നാടകീയ രംഗങ്ങളാണ് നടന്നത്. സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചാണ് സംഘം കൗൺസിലറുമായി മടങ്ങിയത്.

അതേസമയം, അറസ്റ്റിൽ പൊലീസിനെതിരെ സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തിയിട്ടുണ്ട്. ഒരു വനിതാ പൊലീസ് പോലും ഇല്ലാതെയാണ് സംഘം വീട്ടിലെത്തിയതെന്നും കുട്ടികളെ ഭയപ്പെടുത്തിയെന്നും അശ്വതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒമ്പത് മണിയോടെയാണ് പൊലീസ് വീട്ടിൽ വന്നതെന്നും അവർ വ്യക്തമാക്കി.

'ഒരു പ്രകോപനവുമില്ലാതെ പൊലീസ് സംഘം വീടിന്റെ അകത്തുകയറി ഉപദ്രവിക്കുകയായിരുന്നു. എന്റെ താലിമാല പൊട്ടിച്ച് കൊണ്ടുപോയി. ഇതുവരെ തിരികെ തന്നിട്ടില്ല. മുഖത്തടിച്ചു. എന്റെ മുതുകിൽ ചവിട്ടി. കുട്ടികളെ പേടിപ്പിച്ചു'- അശ്വതി വ്യക്തമാക്കി.

അതിനിടെ, കൗൺസിലർക്കെതിരെ കൂടുതൽ കർശനനടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക് പറഞ്ഞു. സുഗതന്റെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. ആകാശത്ത് വെടിയുതിർത്ത സംഭവത്തിൽ എസിപിയോട് റിപ്പോർട്ട് തേടി. കാപ്പ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയെ ഉപദ്രവിച്ചുവെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA