
തിരുവനന്തപുരം: 'ലോസ് ഏഞ്ചൽസിൽ നിന്നും ഒരാൾ വിളിച്ചു, തന്റെ ഈ മാസത്തെ ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ടു'. നിയമസഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയത് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. ഇത്തരം സാമ്പത്തിക ശേഷിയുള്ളവർക്ക് ക്ഷേമ പെൻഷൻ നൽകേണ്ടതുണ്ടോ എന്ന സംശയവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
എന്നാൽ, മകനോടൊപ്പം കുറച്ചുദിവസം നിൽക്കാൻ ലോസ് ഏഞ്ചൽസിൽ പോയത് അയോഗ്യതയായി കാണേണ്ടതുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സംശയം. മകൻ ലോസ് എഞ്ചൽസിലാണെങ്കിലും അമ്മ താമസിക്കുന്നത് കേരളത്തിലായിരിക്കും. കുറച്ചുദിവസം മകനോടൊപ്പം നിൽക്കാൻ പോയതായിരിക്കും. അതിനാൽ അവരെ ഒഴിവാക്കേണ്ടതുണ്ടോ എന്നും ചോദിച്ചു.
ചോദ്യോത്തര വേളയിലാണ്, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ ചിലരെല്ലാം സാമ്പത്തികമായി ഭേദപ്പെട്ട സൗകര്യമുണ്ടായിട്ടും പെൻഷൻ കൈപ്പറ്റുന്നതായി ഉദാഹരണ സഹിതം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പ്രതിപക്ഷത്തെ കെ.വി. സുമേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ പെൻഷൻ അനുവദിച്ചപ്പോൾ അർഹതയുണ്ടായിരുന്നവർ പിന്നീട് മെച്ചപ്പെട്ട സാമ്പത്തിക ശേഷിയുണ്ടായപ്പോഴും അത് വാങ്ങുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് അർഹതയുള്ളവരെ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൻഷൻ വിതരണം നാളെ മുതൽ
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു.
നെല്ല് സംഭരണ വില വേഗത്തിൽ ലഭ്യമാക്കും
നെല്ല് സംഭരിച്ച ശേഷം പരമാവധി വേഗത്തിൽ തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. മേയ് വരെ ക്ലെയിം നൽകിയവർക്ക് തുക അനുവദിച്ചിട്ടുണ്ട്. പി.ആർ.എസ് ലോൺ സംവിധാനത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |