
□കച്ചവടവത്കരിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ലോകത്ത് ആരോഗ്യ മേഖലയിലെ അത്ഭുതകരമായ നേട്ടം കേരളത്തിലുമെത്തിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ആരോഗ്യരംഗത്തെ കുത്തകമുതലാളിമാർക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
ആരോഗ്യ നയം രൂപീകരിക്കാനുള്ള ദൗത്യ സംഘം, വില കുറഞ്ഞ എസ്.എം.എ മരുന്ന് എന്നീ വിഷയങ്ങളിൽ നിയമസഭയിൽ കെ.പ്രേംകുമാർ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കവേയായിരുന്നു വാദപ്രതിവാദം. സർക്കാർനടപടിക്ക് പിന്നിൽ
അഴിമതിയാരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന് കെ.പ്രേംകുമാർ ആരോപിച്ചു. എല്ലാ എസ്.എം.എ രോഗികൾക്കും സൗജന്യമായി മരുന്നു നൽകുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. അഞ്ച് ലക്ഷത്തിന്റെ വിദേശ മരുന്നിന് പകരം, 9000 രൂപയുടെ ജനറിക് മരുന്നാണ് നൽകുന്നത്.
ദൗത്യസംഘത്തിൽ ആരോഗ്യ വിദഗ്ദ്ധർ
രോഗം മുൻകൂട്ടി കണ്ടെത്തി തടയുന്ന ആഗോള ആരോഗ്യ സമീപനമാവും സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അലോപ്പതിയെയും ആയുർവേദത്തെയും മറ്റ് ശാഖകളെയും സമന്വയിപ്പിച്ചുള്ള ഹോളിസ്റ്റിക് മെഡിക്കൽ സമീപനമാവും കൈക്കൊള്ളുക. അതിനുള്ള പദ്ധതി രൂപപ്പെടുത്താനുള്ള ദൗത്യസംഘത്തിൽ കരൾ രോഗ വിദഗ്ദ്ധൻ ഡോ.ശിവകുമാർ സരിൻ, ഡോ.എം.വി.പിള്ള, സംരംഭകൻ ഫൈസൽ ഇ.കൊട്ടിക്കോളൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ദേവദാസ് വാര്യർ, ഡോ.ഹർഷ് മഹാജൻ എന്നിവർ അംഗങ്ങളാണ്. സമിതിയിലുള്ള മുൻ യു.പി ചീഫ്സെക്രട്ടറി ദീപക് സിംഗാളിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയതാണ്. എൽ.ഡി.എഫ് സർക്കാർ കൊവിഡ് വിദഗ്ദ്ധ സമിതിയിൽ അയർലാൻഡിലെ ഡബ്ലിൻ സർവകലാശാലയിലെ ഡോ.വില്യംഹോളിനെ ഉൾപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എം.എ രോഗികൾക്ക് എസ്.എ.ടിയിൽ നൽകിയ മരുന്നിൽ ക്ലിനിക്കൽ ട്രയലെന്നാണ് എഴുതിയിരുന്നതെന്ന് പിണറായി ആരോപിച്ചു.
ചികിത്സാച്ചെലവ് കുറയ്ക്കും
എസ്.എം.എ രോഗികൾക്ക് ആറര ലക്ഷം രൂപയുടെ വിദേശ മരുന്നിന് പകരം 15,000 രൂപയുടെ ജനറിക് മരുന്ന് നൽകുമെന്ന് മുഖ്യമന്ത്രി.
വില ഇനിയും കുറയ്ക്കാനാകും. ആറര ലക്ഷത്തിന്റെ മരുന്നുണ്ടാക്കുന്ന കമ്പനിക്കായാണ് പ്രതിപക്ഷ വാദം. ദൗത്യസംഘം രൂപീകരിക്കാൻ ഫയലുമായി എ.കെ.ജി സെന്ററിൽ പോകുന്ന പാർട്ടിയല്ല ഞങ്ങളുടേത്.ചികിത്സാച്ചെലവ് കുറയ്ക്കണമെന്നാണ് ദൗത്യസംഘത്തിന് നൽകിയിട്ടുള്ള നിർദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ സതീശൻVs പിണറായി
'ആരെ നോക്കി സംസാരിക്കണം"
തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കുന്ന ശൈലിയെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. ഭരണപക്ഷത്തെ നോക്കി പ്രസംഗിക്കുന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശൈലി പിണറായി അനുകരിച്ചതോടെയാണ് തർക്കം തുടങ്ങിയത്. പ്രതിപക്ഷാംഗങ്ങളുടെ നേർക്ക് തിരിഞ്ഞ് പിണറായി സംസാരിക്കാൻ തുടങ്ങി. പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റ്, ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പിണറായിയുടെ ശൈലി താൻ അനുകരിക്കില്ലെന്നും പറഞ്ഞു. പിണറായിയുടെ രീതിയെ കഴിഞ്ഞ അഞ്ച് വർഷവും താൻ പരിഹസിച്ചിട്ടില്ല.
വി.എസ്.അച്യുതാനന്ദന്റെ ശൈലിയല്ലല്ലോ പിണറായിക്ക്. 102 പേരുള്ള ഭരണ നിരയെ നോക്കാൻ അഭിമാനമേയുള്ളൂ. ഭരണപക്ഷത്തെ പ്രതിപക്ഷമാക്കി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്റെ ഉത്തരവാദിത്വമുള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷ നേതാവിന് മടി കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്പീക്കർ വഴി സംസാരിക്കുന്നതാണ് സഭയിലെ രീതിയെന്നും, ഇനിയെങ്കിലുമത് ശീലിക്കണമെന്നും പിണറായി മറുപടി നൽകി. പ്രതിപക്ഷനേതാവായിരിക്കെ അധികം ആളില്ലാത്ത നിരയിലേക്ക് നോക്കിയാണ് സതീശൻ പ്രസംഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറെയാണ് അഭിസംബോധന ചെയ്യേണ്ടതെന്നും രണ്ടു കൂട്ടർക്കും തന്നെ നോക്കി പറയാമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. സ്പീക്കറെ അഭിസംബോധന ചെയ്താൽ മതിയെന്നും, സ്പീക്കറുടെ മുഖത്ത് നോക്കി സംസാരിക്കണമെന്നില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. ഇത് സ്പീക്കറെ തിരുത്തിയത് പോലെ തോന്നുമെന്നായി പിണറായി. തർക്കത്തിലേക്ക് പോകുന്നില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. പിന്നീട് പിണറായി സ്പീക്കർക്ക് നേരേ തിരിഞ്ഞ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |