
മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയതെന്ന് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കഴിഞ്ഞസർക്കാരിന്റെ കാലത്ത് നേത്ര പരിശോധനയ്ക്കായി 7.16 കോടി ചെലവിട്ട് വാങ്ങിയ 224 ഐഫോണുകളിൽ മിക്കതും കാണാനില്ലെന്നും, ബാക്കിയുള്ളവ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ഇതിനൊപ്പം നേത്ര പരിശോധനയ്ക്കുള്ള ഫണ്ടസ് ക്യാമറകളും വാങ്ങിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ കെ.എം.എസ്.സി.എൽ മുഖേന വിതരണം ചെയ്ത രണ്ട് ഓക്സിജൻ ജനറേറ്റർ പ്ലാന്റുകൾക്ക് ആവശ്യമായ അളവിലും മർദ്ദത്തിലും ഓക്സിജൻ ഉത്പാദിപ്പിക്കാനാവുന്നില്ല. പി.എം.കെ.എസ് പദ്ധതിയിൽ ലഭിച്ച വെന്റിലേറ്ററുകളിൽ ചിലത് ഗുണനിലവാരക്കുറവ്, പ്രവർത്തന വിശ്വാസ്യതയില്ലായ്മ, പരിപാലനച്ചെലവ് തുടങ്ങിയ കാരണങ്ങളാൽ ഉപയോഗിക്കുന്നില്ല.
കോട്ടയം, മഞ്ചേരി, കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ഇത്തരം 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവാതെ കിടക്കുന്നു. വയനാട്, എറണാകുളം ജില്ലകളിൽ കൊവിഡ് കാലത്ത് ലഭിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഉപയോഗിക്കാതെ കിടക്കുന്നു. അവയുടെ ആവശ്യകത വിലയിരുത്തി മറ്റാശുപത്രികളിലേക്ക് മാറ്റുന്നതിനും അറ്റകുറ്റപ്പണികളും പരിപാലനവും സമയബന്ധിതമായി നടത്തുന്നതിനും നടപടിയെടുക്കും. പൊതുപണം ചെലവഴിച്ച് വാങ്ങുന്ന മെഡിക്കൽ ഉപകരണങ്ങൾ പെട്ടികളിൽ കിടന്ന് നശിക്കുന്നതോ, പ്രവർത്തന രഹിതമായി ഉപേക്ഷിക്കപ്പെടുന്നതോ അനുവദിക്കാനാവില്ല. ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവരെ കണ്ടെത്തും. ഭാവിയിൽ ഇത്തരം പാഴ് ചെലവുകൾ ആവർത്തിക്കാതിരിക്കുന്നതിനും നടപടിയുണ്ടാവും.
അഴിമതിക്കേസ് വിജിലൻസിന്
അഴിമതി അന്വേഷിക്കാൻ വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപകരണങ്ങൾ വാങ്ങുന്നതിൽ മാത്രം സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. അവ യഥാസമയം പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും പൊതുജനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയും വേണമെന്നും അബിൻ വർക്കിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |