SignIn
Kerala Kaumudi Online
Saturday, 06 June 2026 11.37 AM IST

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ; വാക്ക് പാലിച്ച് യുഡിഎഫ് സർക്കാർ

READ ENGLISH VERSION
vd-satheesan

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് നൽകിയ അഞ്ച് ഗ്യാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കെഎസ്ആർടിസി ബസിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതിലും തീരുമാനമായി. രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർദ്ധിപ്പിക്കാനും തീരുമാനിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനം ആയിരം രൂപ വർദ്ധിപ്പിച്ചു. ആദ്യഘട്ടമായാണ് ആയിരം രൂപ കൂട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാചകത്തൊഴിലാളികളുടെ വേതനവും ആയിരം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രീപ്രൈമറി ടീച്ചർ, ആയമാർ എന്നിവരുടെ വേതനവും ആയിരം രൂപ കൂട്ടി. ആലപ്പുഴയിലെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടേം സ്പീക്കറാകും.മേയ് 21ന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തു. 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാനും ശുപാർശ ചെയ്തു. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTC, KERALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA