
കൊച്ചി: മാനസികരോഗം കാരണം കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ പുനരധിവാസ സംവിധാനങ്ങളെക്കുറിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 10 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ മാനസികാസ്വാസ്ഥ്യം പരിഗണിച്ച് വെറുതേവിട്ട കൊച്ചി സ്വദേശിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന വിചാരണത്തടവുകാർക്കും കോടതി കുറ്റവിമുക്തരാക്കിയവർക്കുമായി പുനരധിവാസ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ നാല് എൻ.ജി.ഒകൾ വഴി 15 പേർക്ക് പരിചരണം നൽകുന്നുണ്ട്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ 56 പേരും തൃശൂരിൽ 41 പേരും പുനരധിവാസത്തിന് സജ്ജരാണ്.
പുനരധിവാസ നയങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. വിഷയം ജൂലായ് 10ന് വീണ്ടും പരിഗണിക്കും.
ഹാഫ്‌വേ ഹോമുകൾ വേണം: ഹൈക്കോടതി
മാനസികാരോഗ്യ നിയമപ്രകാരമുള്ള 'ഹാഫ് വേ ഹോമുകൾ" ആവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രോഗം ഭേദമായവർക്ക് സമൂഹത്തിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള താത്കാലിക താമസസൗകര്യമാണിത്. മാനസികാരോഗ്യം വീണ്ടെടുത്തവർക്കായി തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ആറ് ആശാഭവനുകളാണ് പ്രവർത്തിക്കുന്നത്. 300 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ഈ കേന്ദ്രങ്ങളിൽ 380 പേരുണ്ട്. ഇത് പരിചരണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |