SignIn
Kerala Kaumudi Online
Wednesday, 17 June 2026 8.13 PM IST

ഫയര്‍ഫോഴ്‌സില്‍ 1,000 ഹോം ഗാര്‍ഡുമാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

rc


കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ പ്രവര്‍ത്തനശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച 1,000 പേരെ ഹോംഗാര്‍ഡുമാരായി പുതുതായി നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ട്രാഫിക് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇവരെ വിന്യസിക്കുക. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തമുഖങ്ങളില്‍ നിര്‍ണായക സേനയായി ഫയര്‍ഫോഴ്‌സ് മാറിയ സാഹചര്യത്തില്‍ അധിക മനുഷ്യവിഭവശേഷി സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനവും വര്‍ധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും മുന്‍നിര്‍ത്തി സേനയെ സമഗ്രമായി ആധുനികവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ കര്‍മപദ്ധതി തയ്യാറാക്കും. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റാന്‍ സേനയെ പ്രൊഫഷണല്‍ രീതിയില്‍ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് 133 ഫയര്‍ സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. ആധുനികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥരെയും ഫയര്‍മാന്‍മാരെയും നിയമിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഉയര്‍ന്ന കെട്ടിടങ്ങളിലെ തീപിടുത്തങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി സ്‌കൈ ലിഫ്റ്റുകളും സ്‌മോള്‍ ലിഫ്റ്റുകളും വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ദുരന്തനിവാരണ ബോധവല്‍ക്കരണവും സെല്‍ഫ് ഡിഫന്‍സ് പരിശീലന പരിപാടികളും സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കും.

റെസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ദുരന്തനിവാരണ ബോധവല്‍ക്കരണവും സിവില്‍ ഡിഫന്‍സ് പരിശീലനവും ശക്തമാക്കും. കുട്ടികള്‍ക്കും ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്ന പദ്ധതികള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങളുടെ സര്‍വേ നടപടികള്‍ ആരംഭിക്കും. കാട്ടിനുള്ളിലെ തീപിടുത്തം പ്രതിരോധിക്കുന്നതിനായി വനം വകുപ്പ് മന്ത്രിയുമായി ചേര്‍ന്ന് ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

തീപിടുത്തങ്ങള്‍, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ അഗ്നിരക്ഷാ സേന നിര്‍ണായക പങ്കാണ് വഹിക്കുന്നത്. കോഴിക്കോട് ജയലക്ഷ്മി, ബ്രഹ്‌മപുരം, കറ്റാഴം എന്നിവിടങ്ങളിലെ തീപിടുത്തങ്ങള്‍ നിയന്ത്രിക്കുന്നതിലും മൂന്നാറില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിലും സേനയുടെ പ്രൊഫഷണല്‍ മികവ് പ്രകടമായിരുന്നു. മുന്‍കാലങ്ങളില്‍ നേവിയെയും എന്‍.ഡി.ആര്‍.എഫിനെയും ആശ്രയിച്ചിരുന്ന സാഹചര്യത്തില്‍ നിന്ന് മാറി, ദുരന്തമുഖങ്ങളില്‍ ആദ്യം എത്തുന്ന സേനയായി ഫയര്‍ഫോഴ്‌സ് മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫയര്‍ ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാളും ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ എ ഹേമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA