
തിരുവനന്തപുരം: പിഎം ശ്രീയ്ക്ക് വേണ്ടി ഇടത് സർക്കാർ ഫണ്ട് വാങ്ങിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശം തള്ളി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നോക്കുന്നതെന്നും ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇടത് സർക്കാർ പിഎം ശ്രീ കരാറിൽ ഒപ്പിട്ടിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'പിഎം ശ്രീയുടെ ഒരു നടപടി ക്രമവും പൂർത്തിക്കരിച്ചിട്ടില്ല. പിഎം ശ്രീ നടപ്പിലാക്കാനുള്ള സ്കൂളുകളുടെ എണ്ണം പോലും ഞങ്ങൾ കൊടുത്തിട്ടില്ല. എസ്എസ്കെയുടെ ഫണ്ട് നമ്മൾക്ക് തരാനുള്ളതാണ്. ആ ഫണ്ട് പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന് പറഞ്ഞ് തരുന്നില്ല. പിഎം ശ്രീയുടെ പേരിൽ കേന്ദ്ര സർക്കാരിൽ നിന്ന് ഇടത് സർക്കാർ ഒരുപണവും വാങ്ങിയിട്ടില്ല.
ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതവും കള്ളവുമാണ്. സത്യവുമായി അതിനൊരു ബന്ധവുമില്ല. ആദ്യം പിഎം ശ്രീയെ അനുകൂലിച്ച് കത്ത് നൽകി. പിന്നീട് മന്ത്രിസഭാ യോഗം അതിന്റെ കാര്യങ്ങൾ പഠിക്കണമെന്ന് പറഞ്ഞു. അങ്ങനെ ഒരു കമ്മിറ്റി രൂപീകരിച്ചു. പിന്നീട് ഈ പിഎം ശ്രീയുമായി അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് കത്ത് നൽകി. രണ്ട് കത്ത് നൽകിയിട്ടുണ്ട്. ഒന്ന് പിഎം ശ്രീയിൽ സഹകരിക്കാമെന്ന് പറഞ്ഞിട്ടുള്ളത്. പിന്നീട് സഹകരിക്കില്ലെന്ന് പറഞ്ഞുള്ളത്. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നത്'- വി ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |