SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.56 AM IST

പൊലീസ് തോന്നിയപോലെ പ്രതികൾക്ക് വിലങ്ങിടരുത് കർശന നിർദ്ദേശവുമായി ഡി.ജി.പി

pol

തിരുവനന്തപുരം: പൊലീസിന്റെ സൗകര്യത്തിനോ ശീലത്തിന്റെ ഭാഗമായോ പ്രതികളെ വിലങ്ങണിയിക്കരുതെന്ന് ഡി.ജി.പിയുടെ കർശന നിർദ്ദേശം. ആരെയും ശിക്ഷിക്കാനോ ഭയപ്പെടുത്താനോ അപമാനിക്കാനോ വിലങ്ങണിയിക്കാൻ പാടില്ല. വിലങ്ങണിയിച്ച് പൊതുസ്ഥലത്ത് പ്രതികളുമായി പരേഡ് ചെയ്യാനോ മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാനോ പാടില്ല. ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കിയാവണം വിലങ്ങുപയോഗം. അല്ലെങ്കിൽ അധികാരദുർവിനിയോഗമായി കണക്കാക്കി നടപടിയെടുക്കുമെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഇന്നലെയിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

കൈവിലങ്ങണിയിക്കാൻ പൊലീസുദ്യോഗസ്ഥർക്ക് വിവേചനാധികാരമാണുള്ളത്, നിർബന്ധിതമല്ല. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം, പ്രതിയുടെ പെരുമാറ്റം, രക്ഷപ്പെടാനും അക്രമത്തിനുമുള്ള സാദ്ധ്യത,​ സുരക്ഷാവശങ്ങൾ എന്നിവ കണക്കിലെടുത്താവണം തീരുമാനമെടുക്കേണ്ടത്. വിലങ്ങണിയിക്കേണ്ട കാരണങ്ങൾ ജനറൽ ഡയറിയിലും കസ്റ്റഡി രജിസ്റ്ററിലും രേഖപ്പെടുത്തണം. പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ രേഖാമൂലം കാരണമറിയിക്കണം. സുരക്ഷാഭീഷണിയില്ലെങ്കിൽ വൃദ്ധർ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരെ വിലങ്ങണിയിക്കരുത്. ദീർഘനേരത്തേക്കോ വേദനയോ പരിക്കോ ഉണ്ടാക്കുന്ന തരത്തിലോ വിലങ്ങിടരുത്. സുരക്ഷയ്ക്ക് ആവശ്യമാണെങ്കിലേ വിലങ്ങിടാവൂ. വിലങ്ങിന്റെ ആവശ്യം പൊലീസുദ്യോഗസ്ഥർ കൃത്യമായി വിലയിരുത്തിയാവണം തീരുമാനമെടുക്കേണ്ടത്. അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ ഹാജരാക്കുമ്പോഴും വിലങ്ങുപയോഗത്തിൽ സേനയിലുള്ള അവ്യക്തത നീക്കാനാണ് ഡി.ജി.പി സർക്കുലർ പുറപ്പെടുവിച്ചത്. ഇവ ജില്ല പൊലീസ് മേധാവിമാർ എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.

 വിലങ്ങിടാം,​ 13തരം പ്രതികളെ

ബി.എൻ.എസ്.എസ് പ്രകാരം 13തരത്തിലുള്ള പ്രതികളെയാണ് വിലങ്ങിടാനാവുക. സ്ഥിരംകുറ്റവാളി, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയവർ, സംഘടിത കുറ്റകൃത്യം നടത്തിയവർ, തീവ്രവാദികൾ, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ നടത്തിയവർ എന്നിവരെ വിലങ്ങിടാം. മയക്കുമരുന്ന്, ആയുധക്കേസ്, കൊലപാതകം, ബലാത്സംഗം,ആസിഡാക്രമണം, കള്ളനോട്ട്, മനുഷ്യക്കടത്ത്, പോക്സോ കേസുകളിലെ പ്രതികളെയും വിലങ്ങിടാം. ഈ വിഭാഗത്തിലല്ലാത്തവരെ രക്ഷപ്പെടാനുള്ള സാദ്ധ്യത, അക്രമാസക്തമായ പെരുമാറ്റം, പൊലീസിന്റെയോ ജനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ സാഹചര്യങ്ങളുണ്ടെങ്കിലല്ലാതെ വിലങ്ങിടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA