SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.39 AM IST

ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം പൊലീസിനും ജഡ്ജിക്കുമെതിരെ ആരോപണം

e

കൊച്ചി: വ്യാജ പീഡനക്കേസിൽ പ്രതിയാക്കിയെന്നാരോപിച്ച് സ്വന്തം ആംബുലൻസ് ഹൈക്കോടതിക്ക് മുന്നിൽ നിറുത്തിയിട്ട് ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലൻസ് ഡ്രൈവറും മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിൽ പൊലീസിന്റെ സ്ഥിരം സഹായിയുമായ ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടിൽ ബിനു(35), ഭാര്യ ബിൻസി എന്നിവരാണ് അമിത അളവിൽ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കേസ് വ്യാജമാണെന്നും ഇതിനു പൊലീസും പരാതിക്കാരിയുടെ ബന്ധുവായ ഒരു ജഡ്ജിയും കൂട്ടുനിൽക്കുന്നുവെന്നും ആരോപിച്ചായിരുന്നു ദമ്പതികളുടെ കടും കൈ.

ഇന്നലെ രാവിലെ 6.30ഓടെയായിരുന്നു സംഭവം. ദുരിതങ്ങൾ വിവരിക്കുന്ന വീഡിയോ ബിനു ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് സുഹൃത്തിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഈ സുഹൃത്താണ് പൊലീസിനെ വിവരമറിയിച്ചത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹൈക്കോടതിക്ക് സമീപത്തുനിന്ന് ആംബുലൻസ് കണ്ടെത്തി. ഇരുവരെയും ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ പ്രതികളാണ് ദമ്പതികൾ. ബിനുവിന്റെ മുൻ സുഹൃത്തായ ആലുവ സ്വദേശിയാണ് പരാതിക്കാരി. കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ ആവശ്യപ്പെട്ടെന്നും ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ചില പൊലീസുകാരുടെ പേരും പരാമർശിക്കുന്നുണ്ട്. പരാതിക്കാരിയുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ആംബുലൻസിലുണ്ടായിരുന്നു.

ഇരുവരും സുഹൃത്തുക്കൾ

വിവാഹിതയായ ശേഷവും ബിനുവുമായുള്ള സൗഹൃദം തുടർന്നിരുന്ന യുവതി, മൂന്ന് മാസം മുമ്പ് ഇയാളുമായി തെറ്റിപ്പിരിഞ്ഞിരുന്നു. തുടർന്ന് യുവതിയുമൊത്തുള്ള സ്വകാര്യചിത്രം ബിനു യുവതിയുടെ ഭർത്താവിന് അയച്ചു. ഇതിനു പിന്നാലെയാണ് യുവതി പീഡന പരാതി നൽകിയത്. അറസ്റ്റിലായ ബിനു ജാമ്യത്തിലിറങ്ങുകയായിരുന്നു. അതേസമയം, കേസന്വേഷണത്തിൽ തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് ആലുവ പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA