
കൊല്ലം: ഇന്ന് രാവിലെ ഏഴേകാലോടെയാണ് വിദ്യാർത്ഥികളും നാട്ടുകാരും ബസ് കാത്തുനിന്ന സ്റ്റോപ്പിലേക്ക് മരണദൂതനായി ടിപ്പർ ലോറി പാഞ്ഞുകയറിയത്. കൊല്ലം കൊട്ടാരക്കര നീലേശ്വരത്തുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേരുടെ ജീവനാണ് നഷ്ടമായി. ഹരിലാൽ (54), പാർത്ഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്. നിരവധിപേർക്ക് അപകടത്തിൽ പരിക്കേറ്റു.
അമ്പലപ്പുറത്ത് നിന്നുവന്ന ടിപ്പറിൽ ഫുൾലോഡ് മണ്ണായിരുന്നുവെന്നും ടയറുകൾ തേഞ്ഞുതീർന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ബ്രേക്ക് പിടിച്ചാൽ പോലും ടിപ്പർ നിൽക്കുമായിരുന്നില്ല. എതിർദിശയിൽ നിന്ന് ഒരു ബുള്ളറ്റ് കയറിവന്നപ്പോൾ ടിപ്പർ ഡ്രെെവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ടിപ്പർ അമിത വേഗതത്തിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ലോറി മുക്കോളി മുക്കിലെ ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ലോറി പൂർണമായും തകർന്നു. ഫയർഫോഴ്‌സും പൊലീസും ചേർന്ന് ലോറി ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.
'രാവിലെ ഏഴേക്കാലോടെയാണ് അപകടം ഉണ്ടായത്. 7.10ന് വരേണ്ടിയിരുന്ന ബസ് അല്പം വെെകിപോയി. അല്ലെങ്കിൽ ഈ മൂന്ന് ജീവൻ നഷ്ടമാകില്ലായിരുന്നു. ആ ബസിൽ പോകേണ്ടിരുന്നവരാണ് അപകടത്തിൽ മരിച്ചവർ. മണ്ണെല്ലാം സ്റ്റോപ്പിൽനിന്നവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു'- നാട്ടുകാരിൽ ഒരാൾ പറഞ്ഞു.
ടിപ്പർ ലോറി ഓടിച്ച ഡ്രെെവർക്ക് അത് ഓടിക്കാനുള്ള ലെെസൻസ് ഇല്ലെന്നും റിപ്പോർട്ടുണ്ട്. ടിപ്പർ ലോറി ഡ്രെെവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത കമ്മിഷണർ സി എച്ച് നാഗരാജു അറിയിച്ചു. അപകടത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോറിയുടെ ഫിറ്റ്‌നസ് റദ്ദാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |