
കണ്ണൂർ:കാർട്ടൺ ഇന്ത്യ അലയൻസ് എം.ഡി.മുഹമ്മദ് ആസിഫിന്റേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടുകളുടേതെന്ന് അവകാശപ്പെടുന്ന സ്ക്രീൻഷോട്ടുകളും പുറത്തുവന്നതോടെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഉൾപ്പെട്ട കാർട്ടൺകമ്പനി കരാർവിവാദത്തിൽ വഴിത്തിരിവ്.
ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചതായി സൂചിപ്പിക്കുന്നതാണ് സ്ക്രീൻഷോട്ടുകൾ. എന്നാൽ ശബ്ദം തന്റേതല്ലെന്നും അന്വേഷണം വേണമെന്നും ആസിഫ് ആവശ്യപ്പെട്ടു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിനും കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ എന്നിവർക്കും പണമയച്ചതായാണ് ശബ്ദസന്ദേശം. ഷാനവാസിന് 15ലക്ഷം രൂപ നൽകുന്നതിനെക്കുറിച്ചും പരാമർശമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കണക്കിൽ ഷാനവാസിന്റെ പേര് ഒഴിവാക്കി 'കാസർകോട് എക്സ്പെൻസ്' എന്ന് രേഖപ്പെടുത്താൻ നിർദേശിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കാസർകോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഷാനവാസ്.
നിതിൻഎന്നയാളുടെ അക്കൗണ്ട് വഴി പിൻവലിക്കുന്ന തുക ബേബി ബാലകൃഷ്ണനുള്ളതാണെന്നും പറയുന്നുണ്ട്. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് യു.പി.ഐ വഴി പണമയച്ചതിന്റെ സ്ക്രീൻഷോട്ടും പുറത്തായി.
ആസിഫിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും പ്രതികരിച്ചു. ബേബി ബാലകൃഷ്ണനും ഷാനവാസും ആരോപണം നിഷേധിച്ചു. ശബ്ദസന്ദേശത്തെയും സ്ക്രീൻഷോട്ടുകളെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആസിഫ് മുഖ്യമന്ത്രിക്ക് ഇ-മെയിലിൽ പരാതിയയച്ചു.
സർക്കാർ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ്(സിൽക്ക്) വഴി ടെൻഡർ നേടിയാണ് കമ്പനി, കണ്ണൂർ, കാസർകോട് ജില്ലാപഞ്ചായത്തുകളിൽ പ്രവൃത്തികൾ നടത്തിയത്. കണ്ണൂർ ജില്ലാപഞ്ചായത്തിൽ ടെൻഡർ നടപടിക്രമം പാലിക്കാതെയാണ് കരാർ നൽകിയതെന്ന ആക്ഷേപമുണ്ടായിരുന്നു. കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് സിൽക്ക് ജനറൽമാനേജർ ഉൾപ്പെടെയുള്ളവർക്കും ജനപ്രതിനിധികൾക്കും പണവും ഉദ്യോഗസ്ഥർക്ക് സ്വർണവും നൽകിയെന്നും ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്നുമുള്ള ശബ്ദസന്ദേശവുമുണ്ട്.
പരാതിക്കാരനെതിരെ ബ്ലാക്ക്മെയിൽ
ആരോപണവുമായി കാർട്ടൺ ഇന്ത്യ എം.ഡി
കണ്ണൂർ: തന്റെ പേരിൽ പുറത്തുവന്ന ശബ്ദസന്ദേശവും പണമിടപാട് സ്ക്രീൻഷോട്ടുകളും തന്റെയോ കമ്പനിയുടെയോ അറിവോ സമ്മതമോ ഉള്ളതല്ലെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് എം.ഡി മുഹമ്മദ് ആസിഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇവയുടെ ആധികാരികത തെളിയിക്കപ്പെടണമെന്നും കാര്യങ്ങൾ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണമുന്നയിക്കുന്ന കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രണ്ടു വർഷമായി തനിക്കെതിരെ 'ബ്ലാക്ക്മെയിൽ രാഷ്ട്രീയം" നടത്തുയാണ്. ഇത്രയും തെളിവുകളുണ്ടെങ്കിൽ എന്തുകൊണ്ടാണ് വിജിലൻസിനോ പൊലീസിനോ നൽകാത്തത്. യു.ഡി.എഫ് സർക്കാർ വരാൻ കാത്തിരിക്കുകയായിരുന്നോ. ഇത്തരം തെളിവുകളുണ്ടെങ്കിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് തന്റെയും ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിൽക്കിലെ സൈറ്റ് സൂപ്പർവൈസർ അഭിലാഷിന് 2022ൽ ചികിത്സാ സഹായമായി പണം നൽകിയിട്ടുണ്ടെന്നും ഇതിന്റെ സ്ക്രീൻഷോട്ട് പിന്നീട് മാദ്ധ്യമങ്ങൾക്കു നൽകുമെന്നും ആസിഫ് പറഞ്ഞു. എന്നാൽ ജില്ലാ പഞ്ചായത്തുമായി നേരിട്ടു ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലേക്കു പണം നൽകിയെന്ന ആരോപണം അദ്ദേഹം തള്ളി.
'ദൂതൻ വഴി അഞ്ചു ലക്ഷം ആവശ്യപ്പെട്ടു'
ഷമ്മാസുമായി ബന്ധപ്പെട്ട ഒരാൾ നേരിട്ടും പിന്നീട് ഒരു ദൂതൻ വഴിയും തന്നെ സമീപിച്ച് 'വിഷയം സെറ്റിൽ ചെയ്യാം' എന്ന നിലയിൽ ഏകദേശം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആസിഫ് വെളിപ്പെടുത്തി. ഇതിന്റെ പൂർണ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ആവശ്യമായ ഘട്ടത്തിൽ ഇവ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഭയപ്പെടുത്തി പണം വാങ്ങാമെന്ന ഉദ്ദേശ്യമാകാം ഇതിനു പിന്നിലെന്നും ആസിഫ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |