
തിരുവനന്തപുരം: നിയമന തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പി.എസ്.സി. പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള രേഖകളാണ് ലഭിച്ചത്.
അതേസമയം, പ്ലാനിംഗ് ബോർഡ് നിയമനത്തിനുള്ള പരീക്ഷയിലെ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ 10 ചോദ്യങ്ങളുടെ വിവരങ്ങൾ നൽകിയിട്ടില്ല. ഇത് രഹസ്യരേഖയാണെന്നാണ് നിലപാട്. രേഖകൾ പരിശോധിച്ച് കേസെടുക്കണോയെന്നതിൽ ക്രൈംബ്രാഞ്ച് വ്യാഴാഴ്ച തീരുമാനമെടുത്തേക്കും. ഡി.ജി.പിക്ക് നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തിയേക്കും. അന്വേഷണവുമായി പി.എസ്.സി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. സൈബർ പൊലീസ്, ഐ.ടി വിദഗ്ദ്ധർ എന്നിവരുൾപ്പെട്ട സംഘം തുടർച്ചയായി അഞ്ച് ദിവസം പരിശോധന നടത്തി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അതിനിടെ, ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ നിയമനങ്ങളിലേക്ക് നീളുകയാണ്. പിന്നാക്ക വികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റന്റ് നിയമത്തിലും ക്രമക്കേടുകളുണ്ടെന്ന പരാതിയെത്തുടർന്ന് ഇതിന്റെ രേഖകളും ആവശ്യപ്പെട്ടു. 35 പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |