SignIn
Kerala Kaumudi Online
Thursday, 18 June 2026 4.54 AM IST

സർക്കാർ ജീവനക്കാരുടെ പോക്കറ്റ് നിറയും,​ ശമ്പള പരിഷ്‌കരണത്തിന് കമ്മിഷൻ,​ ഡിഎ കുടിശിക ഈ മാസം മുതൽ

READ ENGLISH VERSION
pension

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്ന്‌ കടുത്ത അവഗണന നേരിടുമ്പോഴും സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും കേരളം വളർന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്‌ജറ്റിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈനിറയെ സമ്മാനങ്ങളും സർക്കാർ നൽകുന്നു. പുതിയ ശമ്പള പരിഷ്‌കരണ കമ്മിഷൻ ഉടൻ നടപ്പാക്കും. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയ്‌ക്ക് പകരം ഉറപ്പായ പെൻഷൻ പദ്ധതി (അഷ്വേർഡ് പെൻഷൻ) നടപ്പാക്കും. ഡിഎ, ഡിആർ‌ കുടിശിക പൂർണമായും വിതരണം ചെയ്യും. ആദ്യ ഗഡു ഫെബ്രുവരി മാസത്തിൽ തന്നെ നൽകും.രണ്ടാം ഗഡു മാർച്ച് മാസത്തിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.


ഏപ്രിൽ ഒന്നുമുതലാണ് ഉറപ്പായ പെൻഷൻ പദ്ധതി നടപ്പാക്കുക. ഇതിന്റെ ഉത്തരവ് ഉടൻ പുറത്തിറക്കും. ജീവനക്കാരുടെ അവസാന‌ അടിസ്ഥാ‌ന ശമ്പളത്തിന്റെ 50 ശതമാനം അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ ഉറപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട വൻതിരിച്ചടിയാണ് പത്തുവർഷമായി നീട്ടിക്കൊണ്ടുപോയ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ നടപ്പാക്കിയതാണ് 'ഉറപ്പായ പെൻഷൻ' (അഷ്വേർഡ് പെൻഷൻ) പദ്ധതി.

കേന്ദ്ര മാതൃക മഹാരാഷ്ട്ര, ഹരിയാന, ഒഡിഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ നേരത്തെ നടപ്പാക്കിയിരുന്നു. കഴിഞ്ഞമാസം തമിഴ്നാടും പദ്ധതിയിലേക്ക് മാറി. 2013വരെ സ്റ്റാറ്റ്യൂട്ടറി പെൻഷനായിരുന്നു. ഇത്‌ വൻ ബാദ്ധ്യതയാണെന്ന് കണ്ടാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ കുറഞ്ഞ തുക 5,000രൂപയും പരമാവധി തുക അവസാനത്തെ പത്തുമാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയുമായിരുന്നു. പങ്കാളിത്ത പെൻഷനിൽ കുറഞ്ഞ പെൻഷൻ എന്നൊന്നില്ല. സർവീസ് അനുസരിച്ചാണ് പെൻഷൻ. 455 രൂപ പ്രതിമാസ പെൻഷൻ കിട്ടുന്നവർ വരെയുണ്ടായിരുന്നു. സംസ്ഥാനത്ത് 35-40 വയസിലാണ് കൂടുതൽ പേരും സർവീസിൽ കയറുന്നത്. 15-20വർഷമാകുമ്പോൾ പെൻഷനുമാകും. ഇതാണ് പങ്കാളിത്തപെൻഷനോട് അതൃപ്തിയുണ്ടാക്കിയത്.

സ്റ്റാറ്റിയൂട്ടറി പെൻഷൻ മാതൃകയിൽ 5,000രൂപ കുറഞ്ഞ പെൻഷനും അവസാന പത്തുമാസം വാങ്ങിയ ശമ്പളത്തിന്റെ 30മുതൽ 40% വരെ പെൻഷൻ ഉറപ്പാക്കുന്നതുമാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഗ്രാറ്റുവിറ്റി പങ്കാളിത്ത പെൻഷനേക്കാൾ കുറവും സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്കാൾ കൂടുതലുമായിരിക്കും. നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷന് 17 ലക്ഷവും പങ്കാളിത്ത പെൻഷനിൽ 25 ലക്ഷവുമാണ് ഗ്രാറ്റുവിറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION, ASSURED PENSION, GOVT EMPLOYEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA