SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.50 PM IST

ആഞ്ഞടിച്ച് 'തൂഫാൻ': 15 ദിവസം; പിടിച്ചത് 10കോടിയുടെ ലഹരി

a

തിരുവനന്തപുരം: പൊലീസിന്റെ ലഹരി വേട്ടയായ 'ഓപ്പറേഷൻ തൂഫാനി"ൽ 15 ദിവസത്തിനകം പിടി കൂടിയത് 10 കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ. 1.589 കിലോ എം.ഡി.എം.എയും 146.45കിലോ കഞ്ചാവും 464.045 ഗ്രാം ഹാഷിഷ് ഓയിലും 350.439ഗ്രാം ബ്രൗൺഷുഗറും 11എൽ.എസ്.ഡി സ്റ്റാമ്പുകളുമടക്കം പിടിച്ചെടുത്തു. 2575കേസുകളിലായി 2778പേരെ അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) അടക്കം കേന്ദ്രഏജൻസികളുടെ സഹായത്തോടെ ഉറവിടം കണ്ടെത്തി ലഹരിയെത്തുന്നതെന്നതിന്റെ ഏകദേശം രൂപം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലഹരിയെ പൂർണമായി തുരത്താനാവുന്ന തരത്തിൽ തൂഫാനിൽ മാറ്റം വരുത്തും. ലഹരി വസ്തുക്കൾ കണ്ടെത്താൻ പൊലീസ് നായ്ക്കൾക്ക് പരിശീലനം നൽകും. കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി ചേർന്ന് മൾട്ടി ഡിജിറ്റൽ ഇന്റഗ്രേഷൻ പ്രോജക്ട് നടപ്പാക്കും. അയൽ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം അടുത്ത മാസം ചേരും. കര, കടൽ, ആകാശ മാർഗ്ഗമെത്തുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനകളുണ്ടാവും. ലഹരി പിടി കൂടാനുള്ള തൂഫാൻ സ്ട്രൈക്ക്സ്, ഇരകളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള കെയർ, നടന്മാരെ അണിനിരത്തി വാരിയേഴ്സ് എന്നിങ്ങനെ മൂന്നു ഘട്ടമാക്കും. സിനിമാസെറ്റുകളിലെ കാരവാനുകളിലും ഡി.ജെ പാർട്ടികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബോട്ടുകളിലും പരിശോധനയുണ്ടാവും. ലഹരിക്കേസുകളിൽ കുറ്റപത്രം വേഗത്തിലാക്കും.

ഇന്റർ ഏജൻസി കോ-ഓർഡിനേഷൻ യോഗത്തിൽ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, കോസ്റ്റൽ പൊലീസ്, ഇന്റലിജൻസ്, എക്‌സൈസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, നാഷണൽ ടെക്‌നിക്കൽ റിസർച്ച് ഓർഗനൈസേഷൻ എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാരിയറായി

മോഹൻലാൽ

മയക്കുമരുന്നിനെതിരെ 'തൂഫാൻ വാരിയറാ"യി പ്രവർത്തിക്കാൻ നടൻ മോഹൻലാൽ സന്നദ്ധത അറിയിച്ചു. മൂന്ന് വർഷമായി അദ്ദേഹത്തിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്നു. ലഹരി വിരുദ്ധദിനമായ 26ന് എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ബോധവത്കരണമുണ്ടാവും. എല്ലാ സ്കൂളുകളിലും തൂഫാൻ മില്യൺ ഗോൾസ് നടപ്പാക്കും. എക്സൈസ് വകുപ്പിന്റെ തണ്ടർ ഓപ്പറേഷനുമുണ്ടാവും. തൂഫാൻ ശക്തമായതോടെ ലഹരി മാഫിയ രണ്ടാഴ്ചത്തേക്ക് വില്പന നിറുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA