
ആലപ്പുഴ: ഓണത്തിന് സദ്യയും പൂക്കളവുമൊരുക്കാൻ ഇത്തവണയും കുടുംബശ്രീ റെഡി. ഓണക്കനി പദ്ധതിയിലൂടെ ജില്ലയിൽ ഇത്തവണ 500 ഏക്കറിൽ പച്ചക്കറിക്കൃഷിയും 150 ഏക്കറിൽ പുഷ്‌പക്കൃഷിയും ചെയ്യാനാണ് സംസ്ഥാന മിഷന്റെ നിർദ്ദേശം.എന്നാൽ, ഇതിലും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്നതാണ് ജില്ലാ മിഷന്റെ കണക്കുകൂട്ടൽ.
കുടുംബശ്രീ കൂട്ടുത്തരവാദിത്ത സംഘങ്ങളാണ് (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) കൃഷിക്കിറങ്ങുന്നത്. ജില്ലയിൽ പലയിടങ്ങളും തൈവിതരണം ആരംഭിച്ചു. അടുത്ത ആഴ്ച പൂർണതോതിൽ കൃഷി ആരംഭിക്കും.
എന്നാൽ, മഴ വെള്ളം കയറുന്ന സ്ഥലങ്ങളിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ജില്ലയിൽ 80 സി.ഡി.എസുകളാണുള്ളത്.
അത്യുത്പാദന ശേഷിയുള്ള സങ്കരയിനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികൾ മുഖേന തയ്യാറാക്കി നൽകും. പയർ, വെണ്ട, തക്കാളി, മുളക്, പാവൽ, പടവലം, മത്തൻ, വെള്ളരി, ചേന, ചേമ്പ് എന്നീ പച്ചക്കറികളും പൂക്കളിൽ ബന്തിയുമാണ് കൃഷി ചെയ്യുന്നത്. ഓണച്ചന്ത, കിയോസ്കുകൾ, നാട്ടുചന്ത എന്നിവയിലൂടെയാണ് വിപണനം. ഓരോ സി.ഡി.എസിനും പരമാവധി 25,000 രൂപ റിവോൾവിംഗ് ഫണ്ടായി അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം
നേടിയത് 4 കോടി
കഴിഞ്ഞ വർഷം ഓണവിപണിയിലൂടെ ബമ്പർ വില്പനയാണ് കുടുംബശ്രീ നേടിയത്. ജില്ലയിൽ ഓണസദ്യ, ഓണക്കിറ്റ്, ഓണച്ചന്ത, ഗിഫ്റ്റ് ഹാമ്പറുകൾ, ഓണക്കനി, നിറപ്പൊലിമ എന്നിവയിൽ നിന്നായി നാലുകോടി രൂപയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ നേടിയത്, കുടുംബശ്രീ അംഗങ്ങളുടെ യൂണിറ്രുകൾ നടത്തിവരുന്ന കേറ്ററിംഗ് സ്ഥാപനങ്ങൾ വഴിയും വമ്പൻ വിൽപ്പന നടന്നു.
കുടുംബശ്രീ ഓണകൃഷി ആരംഭിച്ചു. മുൻവർഷത്തെ പോലെ തന്നെ വലിയ രീതിയിൽ വില്പന നടക്കുമെന്നാണ് പ്രതീക്ഷ.
-എസ്. രഞ്ജിത്, ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ കുടുംബശ്രീ മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |