
□അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു
കൊല്ലം: അഭയകേന്ദ്രം അന്തേവാസികളായ വൃദ്ധകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ നടത്തിപ്പുകാരനെ റിമാൻഡ് ചെയ്തു. തെന്മല ഇടമൺ വെള്ളിമലയിലുള്ള പുനർജനി അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ അഞ്ചൽ അഗസ്ത്യക്കോട് അജിത മന്ദിരത്തിൽ ബ്രഹ്മദാസനെയാണ് (57) പുനലൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ആരോപണമുന്നയിച്ച വൃദ്ധകളടക്കം അഭയ കേന്ദ്രത്തിലെ 12 അന്തേവാസികളെയും സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് ഇന്നലെ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റി.
ബ്രഹ്മദാസന്റെ പേരിൽ ലൈംഗിക പീഡനം, ദേഹോപദ്രവം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബ്രഹ്മദാസനും ഭാര്യയും ഈ അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. ഏപ്രിലിൽ ഭാര്യ മരിച്ച ശേഷമാണ് ബ്രഹ്മദാസൻ ഉപദ്രവം തുടങ്ങിയതെന്നാണ് വൃദ്ധകളുടെ മൊഴി.
സംസ്ഥാന വയോജന കമ്മിഷൻ ചെയർമാൻ കെ.സോമപ്രസാദ്, കമ്മിഷൻ അംഗം കെ.എൻ.കൃഷ്ണൻ നമ്പൂതിരി എന്നിവർ ഇന്നലെ അഭയകേന്ദ്രത്തിൽ പരിശോധന നടത്തി. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വയോജന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.സോമപ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ ലൈംഗികാത്രികമവും ദേഹോപദ്രവും സഹിക്കാനാകാതെ അന്തേവാസികളായ എഴുപത് വയസിലധികം പ്രായമുള്ള രണ്ട് സ്ത്രീകൾ അയൽ വീട്ടിൽ അഭയം തേടിയാണ് ബ്രഹ്മദാസനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |