
തിരുവനന്തപുരം:ശബരിമല സ്വർണ്ണപ്പാളി പുറത്തേക്ക് കൊണ്ടപോയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും മുൻ അംഗം എ.അജികുമാറിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി.നാളെയോ ചൊവ്വാഴ്ചയോ ഹാജരാകാനാണ് നിർദ്ദേശം.2025ൽ സ്വർണ്ണപ്പാളികൾ ഹൈക്കോടതിയുടേയോ സ്പെഷ്യൽ കമ്മിഷണറുടേയോ അനുമതിയില്ലാതെ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടപോയ സംഭവത്തിലാണ് അന്വേഷണം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണിത്. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019ൽ ദ്വാരപാലക പാളികളും,കട്ടിളപ്പടിയും സ്വർണം പൂശാനായി പുറത്തുകൊണ്ടപോയതിന് സമാനമാണ് 2025ലും നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇതിൽ ചട്ട ലംഘനമുണ്ടായിട്ടുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം.2019 ലെ സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സ്വർണപാളികൾ ശബരിമലയിൽ നിന്നും പുറത്തുകൊണ്ടപോകാനുണ്ടായ സാഹചര്യം,സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതിരുന്നത്,ചട്ടലംഘനം എന്നീ കാര്യങ്ങളിൽ വ്യക്തത തേടാനാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.സ്വർണം പൂശാനുള്ള തീരുമാനത്തിലേക്ക് ഭരണസമിതി എത്താനുണ്ടായ സാഹചര്യം,സ്മാർട്ട് ക്രിയേഷന് കൈമാറിയപ്പോൾ പാലിച്ച സുരക്ഷാ കാര്യങ്ങൾ എന്നിവയിലും അന്വേഷണമുണ്ടാകും.2025ൽ സ്വർണം പൂശി തിരിച്ചെത്തിച്ച പാളികളിൽ നടത്തിയ പരിശോധനയിൽ സ്വർണം കുറവ് വന്നിട്ടില്ലെന്ന് കണ്ടെത്തി.ഇത് ഉറപ്പിക്കുന്നതിന് കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണം.ഇതിനായി ഇന്ന് പ്രത്യേക അന്വേഷണ സംഘം ശബരിമലയിൽ എത്തും.ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്കയയ്ക്കുന്ന സാമ്പിളുകളുടെ പരിശോധനാഫലം കൂടി വന്നശേഷമാകും കേസിൽ കുറ്റപത്രം നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |