SignIn
Kerala Kaumudi Online
Monday, 22 June 2026 3.38 AM IST

അടക്കാത്തോട്ടിൽ വന്യജീവി ആടിനെ കടിച്ചു കൊന്നു

drone
വന്യജീവി ആക്രമണമുണ്ടായ വെണ്ടേക്കുംചാലിൽ വനപാലകരുടെ നേതൃത്വത്തിൽ ഡ്രോൺ പരിശോധന നടത്തുന്നു

കേളകം: അടക്കാതോട് വെണ്ടേക്കുംചാൽ ഭാഗത്ത് വളർത്തുമൃഗങ്ങൾക്ക് നേരെ വന്യജീവിയുടെ ആക്രമണം. മാളിയേക്കൽ ജോസഫിന്റെ ആടുകളെ ആക്രമിച്ചതിൽ ഒരു ആട് ചാവുകയും മറ്റൊരു ആടിന് പരിക്കേൽക്കുകയും ചെയ്തു. ജോസഫിന്റെ വീടിനു സമീപത്തെ കൂട്ടിൽ കെട്ടിയിരുന്ന ആടുകളെയാണ് ആക്രമിച്ചത്.

ശനിയാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. രാത്രിയിൽ ആടുകൾ പതിവില്ലാതെ കരയുന്ന ശബ്‌ദം കേട്ട് വീട്ടുകാർ പുറത്ത് വന്നു നോക്കിയപ്പോഴാണ് ആടുകളെ ഉപദ്രവിച്ചതായി കണ്ടത്. തൊട്ടടുത്ത താമസക്കാരിയായ അറയ്ക്കൽ ത്രേസ്യാമ്മയുടെ പശുക്കിടാവിനെയും വന്യജീവി ആക്രമിച്ച് പരിക്കേൽപ്പിച്ചു.ആടിന്റെ ജഡം അടക്കാത്തോട് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടം ചെയ്തു. പരിക്കേറ്റ വളർത്തുമൃഗങ്ങൾക്ക് ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്.

സംഭവം അറിഞ്ഞതിനെത്തുടർന്ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നിർദേശാനുസരണം മണത്തണ സെക്ഷനിലെ വനപാലകരും, ആർ.ആർ.ടിയും ഉൾപ്പെടുന്ന 15 അംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, മറ്റ് ജനപ്രതിനിധികൾ പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ വിപുലമായി ഡ്രോൺ പരിശോധനയും തിരച്ചിലും നടത്തിയെങ്കിലും വന്യജീവിയെ കണ്ടെത്താനായില്ല. എന്നാൽ കൃഷിക്കായി നിലമൊരുക്കിയ ഒരു പുരയിടത്തിൽ പുലിയുടെ കാല്പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ്

വളർത്തുമൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് കൂടുസ്ഥാപിച്ചു. പുലിയുടെ സാന്നിദ്ധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനായി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ പ്രത്യേക കാവലും പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശത്ത് വനപാലകർ പൂർണ സജ്ജരായുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിൽ പാർപ്പിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PULI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL