SignIn
Kerala Kaumudi Online
Sunday, 21 June 2026 4.38 PM IST

വഴിപാട് നൽകിയ സ്വർണമാല തട്ടിയെടുത്ത മേൽശാന്തിയും കൂട്ടുകാരിയും അറസ്റ്റിൽ​

fg
ക്ഷേത്രത്തിൽ ഭക്തൻ വഴിപാടായി നൽകിയ സ്വർണ്ണമാല തട്ടിയെടുത്തു; പൂജാരിയും കൂട്ടുകാരിയും അറസ്റ്റിൽ​ ​

കൊല്ലം: തെന്മല മാമ്പഴത്തറ തിരുവിതാംകൂർ ദേവസ്വം ക്ഷേത്രത്തിൽ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല തട്ടിയെടുത്ത് വിറ്റ കേസിൽ മേൽശാന്തിയെയും സഹായിയായ യുവതിയെയും തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര മേൽശാന്തി ആലപ്പുഴ മാന്നാർ കുറത്തികാട് സ്വദേശി മധുസൂദനൻ ശർമ്മ, മാല വിൽക്കാൻ സഹായിച്ച മാവേലിക്കര തട്ടാരമ്പലം സ്വദേശിനി ഗംഗ എന്നിവരാണ് ഒരുവർഷത്തെ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്.

​കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സ്വദേശിയായ രമേശ് ബാബു തന്റെ മകളുടെ വിവാഹം നടന്നതിന്റെ നന്ദിസൂചകമായി കുടുംബക്ഷേത്രമായ മാമ്പഴത്തറ ദേവീക്ഷേത്രത്തിൽ 16.239 ഗ്രാം തൂക്കം വരുന്ന സ്വർണ നെക്ലേസ് സമർപ്പിച്ചു. ക്ഷേത്രം മേൽ ശാന്തിയായ മധുസൂദനൻ ശർമ്മയുടെ കൈയിലാണ് മാല നൽകിയത്.

​മാല കൈപ്പറ്റിയ ശേഷം പൂജാരി നൽകിയ മലയാളത്തിലുള്ള രസീതിൽ 'മാല ചാർത്ത്' എന്നാണ് എഴുതിയിരുന്നത്. ഇതിൽ സംശയം തോന്നിയ ഭക്തൻ ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചു. ജീവനക്കാർ മേൽശാന്തിയോട് കാര്യം തിരക്കിയപ്പോൾ, ഭക്തൻ നൽകിയ സ്വർണമാല കാണിക്കവഞ്ചിയിൽ നിക്ഷേപിച്ചെന്നായിരുന്നു മറുപടി. സംശയം തോന്നി ദേവസ്വം അധികൃതർ കാണിക്കവഞ്ചി തുറന്ന് പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല.​ തുടർന്ന് ക്ഷേത്രം ജീവനക്കാരും രമേശ്‌ ബാബുവും ചേർന്ന് ദേവസ്വം വിജിലൻസിന് പരാതി നൽകി.

വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ സ്വർണം മേൽശാന്തിയാണ് എടുത്തതെന്ന് കണ്ടെത്തിയതോടെ ദേവസ്വം ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിന് ശേഷം തെന്മല പൊലീസിൽ പരാതി നൽകി.​ തെന്മല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

മധുസൂദനൻ ശർമ്മ സ്വർണമാല സുഹൃത്തായ ഗംഗയെ ഏൽപ്പിച്ചു. ഗംഗ മാല കായംകുളത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ കഴിഞ്ഞയാഴ്ച ഗംഗ പണയത്തിലിരുന്ന മാലയെടുത്ത് വിൽക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL