
കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർദ്ധിച്ചതോടെ ജനംഭീതിയിലാണ് . തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട്, ഏഴാന്തല, മൂർത്തിമൺ, വി കെ പാറ, പറക്കുളം, മേക്കണ്ണം, ഇടകണ്ണം, കൂത്താടിമൺ, മേടപ്പാറ മണ്ണീറ, എലിമുള്ളംപ്ലാക്കൽ, തുമ്പാക്കുളം, പൂച്ചക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ് നാട്ടിലിറങ്ങുന്ന കാട്ടാനകൾ കാർഷികവിളകൾ വൻതോതിൽ നശിപ്പിക്കുന്നു.
റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനപ്രദേശവും കോന്നി ഡിവിഷനിലെ നടുവത്തമൂഴി റേഞ്ചിലെ വനമേഖലയും പഞ്ചായത്തിന്റെ അതിർത്തികളാണ്. കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് പൂച്ചക്കുളത്തുനിന്ന് നിരവധി ആളുകൾ താമസം ഉപേക്ഷിച്ചുപോയി. ഇവിടുത്തെ ആൾത്താമസം ഇല്ലാത്ത വീടുകളും കാട്ടാനകൾ നശിപ്പിച്ചുകഴിഞ്ഞു. മൂർത്തിമണ്ണിലും കാട്ടാനശല്യം രൂക്ഷമായതിനെ തുടർന്ന് പലരും താമസം മാറിപ്പോയി. ഇന്നലെ കുട്ടിയാന കിണറ്റിൽ വീണ മേക്കണ്ണത്തെ ജനവാസ മേഖലകളിൽ നിന്ന് പലരും കാട്ടാന ശല്യം മൂലം താമസംമാറിയിരുന്നു. കോന്നി തണ്ണിത്തോട് വനപാതയിലും കാട്ടാനകളുടെ നിരന്തരസാന്നിദ്ധ്യമുണ്ട്. എലിമുള്ളംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെ 9 ആനത്താരകളാണ് ഉള്ളത്. റോഡിന്റെ ഒരു വശം റാന്നി വനം ഡിവിഷനിലെ വനമേഖലയും മറുവശം കോന്നി വനം ഡിവിഷനിലെ വനം മേഖലയുമാണ്. കല്ലാറ്റിൽ വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനകൾ റോഡ് മുറിച്ച് കടക്കുന്നതും പതിവാണ്. വനാതിർത്തികളിൽ കിടങ്ങുകൾ നിർമ്മിച്ച് കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ലില്ലി ബാബു ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |