
കോന്നി : വൈദ്യുതി ഉല്പാദനത്തിനൊപ്പം വിനോദസഞ്ചാരവും ലക്ഷ്യമിട്ട് കെ.എസ്.ഇ.ബിയുടെ ഡാമുകളും അനുബന്ധസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഹൈഡൽ ടൂറിസം പദ്ധതിയുടെ ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) വേഗത്തിൽ തയ്യാറാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർദ്ദേശം നൽകി. സീതത്തോട് ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും ചേർന്നാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. സീതത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കെ.എസ്.ഇ.ബിയുടെ സ്ഥലത്ത് വൈവിദ്ധ്യങ്ങളായ വിനോദ മാർഗങ്ങൾ ഒരുക്കും.
ഡാമുകളിലെ ബോട്ടിംഗ്, സാഹസിക ടൂറിസം, പാർക്കുകൾ തുടങ്ങിയവയാണ് പ്രധാന ആകർഷണം. കെ.എസ്.ഇ.ബി എം.ഡി രാജമാണിക്യവുമായി എം.എൽ.എ നടത്തിയ ചർച്ചയെ തുടർന്നാണ് ഹൈഡൽ ഡാം ടൂറിസം പദ്ധതിക്ക് അനുമതി ലഭിച്ചത്.
സ്പോർട്സ് ഹബ്
കക്കാട് പവർ ഹൗസിന് സമീപത്തായി വോളിബാൾ, ബാഡ്മിന്റൺ, ഫുട്ബാൾ കോർട്ട് എന്നിവ ഉൾപ്പെടുത്തി സ്പോർട്സ് ഹബ് സജ്ജമാക്കും. ഉന്നതനിലവാരത്തിലുള്ള ഗ്രൗണ്ട് ഇതിനായി നിർമ്മിക്കും. കാഴ്ചക്കാർക്ക് ഇരിപ്പിടങ്ങൾക്ക് പുറമെ കുട്ടികളെയും യുവജനളെയും കളിക്കളങ്ങളിൽ സജീവമാക്കാനും മത്സരങ്ങൾ നടക്കുന്ന സ്ഥലമായും ഹബ്ബ് മാറും. ബോട്ടണിക്കൽ ഗാർഡനും പദ്ധതിയുടെ ഭാഗമാകും. കെ.എസ്.ഇ.ബി യുടെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്സുകൾ നന്നാക്കി ചെറിയനിരക്കിൽ സഞ്ചരികൾക്ക് താമസത്തിന് നൽകും. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ എം.എൽ.എയുടെ വിവിധ ഫണ്ടുകൾ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |