SignIn
Kerala Kaumudi Online
Sunday, 21 June 2026 4.40 PM IST

വിതുര മണലി മേഖലയിൽ കാട്ടാനകളുടെ താണ്ഡവം

aana

വിതുര: വിതുര പഞ്ചായത്തിലെ മണലി മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ മണലി ചെറുമണലി ചന്ദ്രികയുടെ വിളയിലെ കൃഷികൾ മുഴുവൻ കാട്ടാനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ വിളകളിലും കാട്ടാനകൾ നാശം വിതച്ചിട്ടുണ്ട്. നാട്ടുകാർ വനത്തിലേക്ക് തുരത്തിവിടാൻ ശ്രമിച്ചെങ്കിലും ആനകൾ പിൻവാങ്ങിയില്ല. നേരം പുലരുവോളം നാശം വിതച്ചശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.

കാട്ടനശല്യത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. വനമേഖലയിൽ മഴ കനത്തതോടെയാണ് കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങി നാശവും ഭീതിയും പരത്തി തുടങ്ങിയത്.

കൃഷികൾ വ്യാപകമായി നശിപ്പിച്ചു

കല്ലൻകുടി മേഖലയിലും കാട്ടാനകൾ നാശം വിതച്ചതായി ആദിവാസികൾ അറിയിച്ചു. മണലി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി. പകൽ സമയത്തും കാട്ടാനകൾ എത്തുന്നുണ്ട്. കാട്ടുപോത്തും ഇറങ്ങി പെണ്ണങ്കപ്പാറയിലും നാശനഷ്ടം വിതച്ചു. നേരത്തേ ആലുംമൂട് കളമൂട്ടുപാറ സ്വദേശിയായ രാധയുടെ വീടും ആനയുടെ ആക്രമണത്തിൽ തകർന്നിരുന്നു. കഷ്ടിച്ചാണ് അന്ന് രാധ രക്ഷപ്പെട്ടത്.

കാട്ടുപോത്തും

നിലവിൽ കാട്ടുപോത്തും മേഖലയിൽ ഭീതി പരത്തുന്നുണ്ട്. നേരത്തേ മണലി സ്വദേശി രാജേന്ദ്രൻനായരെ വീടിനു സമീപത്തുവച്ച് കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
മാസങ്ങൾക്ക് മുൻപ് വനത്തിനുള്ളിലെ നദിയിൽ മീൻ പിടിക്കാൻ പോയ മണലി കൊമ്പ്രാംകല്ല് പെരുമ്പാറയടി ആദിവാസി കോളനിയിൽ ഡി.ശിവാനന്ദൻ കാണിക്ക് (46) കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

ആനക്കിടങ്ങും, വൈദ്യുതിവേലിയും കടലാസിൽ

മണലി മേഖലയിലെ കാട്ടാനശല്യത്തിന് തടയിടുന്നതിനായി ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന വനംവകുപ്പിന്റെ പ്രഖ്യാപനം കടലാസിലുറങ്ങുകയാണ്. സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് മണലി നിവാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL