SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.01 AM IST

കോഴി കർഷകർക്ക് ഇത് ദുരിതകാലം

iiiii

നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിലെ കോഴി കർഷകർക്ക് ഇത് ദുരിതകാലം. ഇറച്ചി ആവശ്യത്തിനും മുട്ടയ്ക്കുമായി വളർത്തുന്ന കോഴി ഫാമുകൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് അരുമാനൂർക്കട,മാവിളക്കടവ്,കാഞ്ഞിരംകുളം, ചാണി പ്രദേശങ്ങളിലായുള്ള മുപ്പതിലേറെ കോഴി ഫാമുകളിലെ കർഷകരുടെ കൂട്ടായ്മ മൃഗസംരക്ഷണ വകുപ്പിൽ നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ലെന്ന് കർഷകർ പറയുന്നു. കോഴിത്തീറ്റയുടെ വിലവർദ്ധനയും ഇറച്ചിക്കും മുട്ടയ്ക്കുമുള്ള മാർക്കറ്റിലെ വിലയിടിവും ചെറുകിട വ്യവസായം ഉപേക്ഷിക്കാൻ സംരംഭകരെ നിർബന്ധിതരാക്കുന്നു. മായം ചേർക്കാത്തതും ഹോർമോണുകൾ ഇല്ലാത്തതുമായ കോഴിയിറച്ചി ശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ച് വിപണിയിലെത്തിക്കുവാൻ പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പദ്ധതികളുണ്ടെങ്കിലും ഇതൊന്നും കർഷകർക്കിടയിൽ എത്തിയിട്ടില്ല. വീടുകൾ കേന്ദ്രീകരിച്ച് മുട്ടക്കോഴി വളർത്തലിന് മൈക്രോഫിനാൻസ് അടിസ്ഥാനത്തിൽ സബ്സിഡിയോടെയുള്ള ലോൺ സൗകര്യം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ യുവാക്കളും സ്ത്രീകളും ഈ സംരംഭക രംഗത്തേക്ക് കടന്നു വരുമായിരുന്നെന്ന് കർഷകർ പറയുന്നു.

 പ്രതിസന്ധി ഇങ്ങനെ

കോഴിത്തീറ്റയുടെ വിലക്കയറ്റം, ഉത്പാദനച്ചെലവിനനുസരിച്ച് വിപണിവില ലഭിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, എന്നിവയാണ് കർഷകരെ കടക്കെണിയിലാക്കുന്നത്. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ കോഴികളെ വിൽക്കേണ്ടി വരുന്നത് വലിയ നഷ്ടത്തിന് കാരണമാകുന്നു. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലക്കെത്തുന്ന ഇറച്ചി ആവശ്യത്തിനുള്ള കോഴികളും മുട്ട വിതരണവും ഗ്രാമീണമേഖലയിലെ കർഷകർക്ക് തിരിച്ചടിയാണ്.

 പരിമിതി
ചെലവ് കുറയ്ക്കാൻ സ്വന്തം നിലയ്ക്ക് തീറ്റ നിർമ്മിക്കുന്നതിനെക്കുറിച്ചോ അത്യുത്പാദനശേഷിയുള്ള ഇനങ്ങളെ തിരഞ്ഞെടുക്കുന്നതിനോ വിദഗ്ദ്ധരുടെ ഉപദേശം കർഷകർക്ക് ലഭ്യമാകാറില്ല. കൂടുതൽ ലാഭം കണ്ടെത്താനായി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലും സർക്കാർ പരിശീലനം ലഭ്യമല്ല.

സർക്കാർ പദ്ധതിയും പാളി

ഗുണമേന്മയുള്ള ഇറച്ചിക്കോഴി ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാനം ഉറപ്പാക്കാനും കേരള സർക്കാർ ആവിഷ്കരിച്ച കുടുംബശ്രീ കേരള ചിക്കൻ പദ്ധതിയ്ക്കായില്ല. കോഴിക്കുഞ്ഞുങ്ങൾ,തീറ്റ,മരുന്നുകൾ എന്നിവ കർഷകർക്ക് സൗജന്യമാക്കി, 45 ദിവസത്തെ വളർച്ചയ്ക്ക് ശേഷം കർഷകർക്ക് കൃത്യമായ വളർത്തുകൂലി നൽകിയുള്ള ഇന്റഗ്രേഷൻ സമ്പ്രദായത്തിനും ഉദ്യോഗസ്ഥ തലത്തിൽവേണ്ടത്ര പ്രചാരണം നൽകിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL