അന്തിക്കാട്: വിനോദ സഞ്ചാരികളെ ആകർഷിച്ച ജില്ലയിൽ പേരുകേട്ട അന്തിക്കാട്ട് കുളം ഉപയോഗശൂന്യമായി. നിറം മാറി ദുർഗന്ധം പരത്തിയതോടെ ഏതാനും ദിവസങ്ങളായി ഈ കുളം ഉപയോഗശൂന്യമാണ്. ദിവസവും രാവിലെയും വൈകിട്ടും നിരവധിയാളുകൾ കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും കുട്ടികൾ നീന്തൽ പരിശീലനം നടത്തുകയും ചെയ്തിരുന്നു. കൊച്ചിൻ ദേവസ്വത്തിന് കീഴിലുള്ളതാണ് നാലര ഏക്കറോളം വിസ്തൃതിയുള്ള അന്തിക്കാട്ട് കുളം. കഴിഞ്ഞ ഒരാഴ്ച്ചയായി കുളത്തിൽ നിന്നുള്ള ദുർഗന്ധം മൂലം ഇത് വഴി യാത്ര ചെയ്യാൻ പറ്റാത്ത നിലയിലാണെന്ന് പരിസരവാസികൾ പറയുന്നു. കുളത്തിന്റെ തെക്ക് ഭാഗത്ത് നിന്നും കുളത്തിലേക്ക് ചാഞ്ഞ് വെള്ളത്തിലമർന്ന് കിടക്കുന്ന സസ്യലതാദികൾ പഴുത്ത് ചീഞ്ഞും, ഈ വൃക്ഷങ്ങളിൽ കൂട് കൂട്ടിയിട്ടുള്ള നിരവധി നീർ കാക്കകളുടെയും കൊക്കുകളുടെയും മറ്റും കാഷ്ടമുൾപ്പടെയുള്ള അവശിഷ്ഠങ്ങളും കുളത്തിലെ വെള്ളത്തെ മലിനമാക്കുന്നുണ്ട്. ഇതിന് പുറമെ അന്തിക്കാട് കോൾ പാടശേഖരത്തിലെ ചാലുകളിൽ നിന്ന് വേനൽകാലങ്ങളിൽ കുളത്തിലേക്ക് വെള്ളം കയറ്റിയിരുന്ന പൈപ്പുകൾ മുഴുവൻ കേട് വന്നതോടെ ഇറിഗേഷന്റെ ജലവിതരണ ശൃംഖല വഴി അന്തിക്കാട്കുളത്തിലേക്ക് ഒഴുകിയെത്തിയിരുന്ന വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. കുളത്തിലേക്ക് വെള്ളം വരാനും കുളത്തിൽ നിന്ന് വെള്ളം ഒഴുകി പോകാനുമുള്ള സൗകര്യങ്ങൾ നിലച്ചതും അന്തിക്കാട്ട് കുളം ഉപയോഗശൂന്യമാകാനുള്ള മറ്റൊരു കാരണമാണെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |