തൃശൂർ: പ്ലസ് ടു പഠനശേഷം കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് ആലോചനയോടെയും ബുദ്ധിപൂർവവും ആകണമെന്ന് കളക്ടർ ശിഖ സുരേന്ദ്രൻ. കേരളകൗമുദി തൃശൂർ യൂണിറ്റ്, മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് കൊടുങ്ങല്ലൂർ നഗരസഭാ ടൗൺഹാളിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മൊബൈൽ ഫോണിനെ പോലും ബുദ്ധിപൂർവം ഉപയോഗിക്കണം. സന്തോഷമുള്ള ജീവിതമുണ്ടാകണമെങ്കിൽ അഭിരുചിയുള്ള വിഷയം തിരഞ്ഞെടുക്കണം, അതിലൂടെ ഇഷ്ടമുള്ള ജോലിയെടുക്കണമെന്നും അവർ പറഞ്ഞു.
കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയായി. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്) എം.വി.ഐ: പി.വി. ബിജു, കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എസ്. നൗഷാദ്, കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് അരുൺ പ്രസന്നൻ എന്നിവർ സംസാരിച്ചു. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളും കോഴ്സുകളും സംബന്ധിച്ച് വിശദീകരിച്ചു. കേരളകൗമുദി കൊടുങ്ങല്ലൂർ ലേഖകൻ കെ.എം. മൈക്കിൾ നന്ദി രേഖപ്പെടുത്തി. കളക്ടർ ശിഖ സുരേന്ദ്രനും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് മെറിറ്റ് അവാർഡ് വിതരണം ചെയ്തു.
ചാലക്കുടിയിലെ മെറിറ്റ് അവാർഡ് 26ലേക്ക് മാറ്റി
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രി റോഡിലെ എസ്.എൻ.ജി ഹാളിൽ 22ന് തിങ്കളാഴ്ച
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടത്താനിരുന്ന മെറിറ്റ് അവാർഡ് വിതരണം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. 26ന് രാവിലെ 9.30ന് ഇതേ സ്ഥലത്താണ് പരിപാടി. മെറിറ്റ് അവാർഡ് വിതരണച്ചടങ്ങ് ചാലക്കുടി ഡിവൈ.എസ്.പി: കെ.പി. ബെന്നി ഉദ്ഘാടനം ചെയ്യും.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് അദ്ധ്യക്ഷയാകും. റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻഫോഴ്സ്മെന്റ്) എം.വി.ഐ: പി.വി. ബിജു, ചാലക്കുടി ജോയിന്റ് ആർ.ടി.ഒ: എ.ആർ. രാജേഷ്, ചാലക്കുടി ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ആർ.കെ. രമേഷ്, ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംബന്ധിക്കും.
ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡ് വിതരണവും നടക്കും. കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് ബിയോണ്ട് ദി ഡ്രീംസ് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നയിക്കും. തുടർന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്നറ്റ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളെക്കുറിച്ചും തിരഞ്ഞെടുക്കേണ്ട കോഴ്സുകളെക്കുറിച്ചും ക്ലാസ് നയിക്കും.
വിദേശ വിദ്യാഭ്യാസം ജീവിരീതികളെ മികവുറ്റതാക്കും: അശ്വിൻ പ്രദീപ്
വിദേശ വിദ്യാഭ്യാസം യുവാക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ് പറഞ്ഞു. തിരഞ്ഞെടുക്കുന്ന കോഴ്സുകളും അതിന് സമീപിക്കുന്ന സ്ഥാപനങ്ങളും ഏറെ പ്രധാനമാണെന്നും വിദ്യാർത്ഥികളെ വിദേശ വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിൽ മാഗ്നറ്റ് സ്റ്റഡി എബ്രോഡ് എന്നും മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജീവനോളം പ്രധാനമാണ് കരിയർ: സരിഗ ഡി. മേനോൻ
മനുഷ്യ ജീവനോളം പ്രധാനമാണ് ഓരോ യുവാക്കളുടെയും കരിയറെന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് ജനറൽ മാനേജർ സരിഗ ഡി. മേനോൻ പറഞ്ഞു. കരിയറിന്റെ തിരഞ്ഞെടുപ്പ് പാളിപ്പോയാൽ ജീവിതം തന്നെ മാറ്റിമറിക്കപ്പെട്ടേക്കാമെന്നും അവിടെയാണ് മാഗ്നറ്റ് സ്റ്റഡി എബ്രോഡിന്റെ പ്രാധാന്യമെന്നും അവർ പറഞ്ഞു. വിദ്യാർത്ഥികളെയും യുവാക്കളെയും നേരായ പാതയിലേക്ക് നയിക്കുകയാണ് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് എന്നും അവർ കൂട്ടിച്ചേർത്തു.
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ യുവതയ്ക്കാകട്ടെ: ഹണി പീതാംബരൻ
കാലം മാറുന്നതിനനുസരിച്ച് വിദ്യാർത്ഥികളുടെ ജീവിത രീതികളിലും ചിന്തകളിലുമെല്ലാം മാറ്റങ്ങൾ ഉണ്ടായെന്നും അതിനെ ബുദ്ധിപൂർവം ഉപയോഗിക്കുന്നിടത്താണ് ജവിത വിജയം ഉണ്ടാവുകയെന്നും ചടങ്ങിൽ അദ്ധ്യക്ഷയായിരുന്ന കൊടുങ്ങല്ലൂർ നഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ പറഞ്ഞു.
മികച്ച ജീവിതം കെട്ടിപ്പടുക്കാൻ യുവതയ്ക്കാകട്ടെ: പി.എസ്. നൗഷാദ്
മികവുറ്റ ജീവിതം കെട്ടിപ്പടുക്കാൻ യുവത ഉറച്ച തീരുമാനങ്ങളോടെ മുന്നോട്ട് പോകണമെന്ന് കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.എസ്. നൗഷാദ് പറഞ്ഞു. ജീവിത വിജയത്തിന് കുറുക്കുവഴികൾ ഇല്ലെന്ന് യുവത മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ചുവടും ശ്രദ്ധയോടെ: ജോബിൻ കുര്യാക്കോസ്
മികച്ച കരിയർ തിരഞ്ഞെടുക്കാൻ ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ട് വയ്ക്കണമെന്ന് കരിയർ കോച്ചും കരിയർ സ്ട്രാറ്റർജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് പറഞ്ഞു. ഓരോ വ്യക്തിക്കും അനുയോജ്യമായത് തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. മറ്റുള്ളവരുടെ വാക്കുകൾ കേട്ടല്ല കരിയർ തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |