
ജില്ലയിലെ ആശുപത്രികളിൽ മരുന്ന് ക്ഷാമം
തൃശൂർ: പനിയും മറ്റ് പകർച്ച വ്യാധികളും പടരുമ്പോൾ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയുൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം. ഞായറാഴ്ചകളിലടക്കം ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമെല്ലാം പല മരുന്നുകളും കുറിപ്പടിയുമായി പുറത്ത് പോയി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുൾപ്പടെ പനിയും കഫക്കെട്ടുമായി വരുന്നവർക്ക് ആന്റിബയോട്ടിക്കിന് ഉൾപ്പെടെ ക്ഷാമമുണ്ടെന്നാണ് വിവരം. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് സർക്കാർ ആശുത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്നത്. മരുന്നുകൾ യഥാക്രമം ലഭിക്കാത്തതാണ് ക്ഷാമത്തിന് കാരണമെന്നാണ് അധികൃതരുടെ വാദം. അതേ സമയം മെഡിക്കൽ സർവീസ് കോർപ്പറേഷൻ അധികൃതർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. താലൂക്ക് ആശുപത്രികളിലെ കിടത്തി ചികിത്സയേപ്പോലും മരുന്ന് ക്ഷാമം ബാധിക്കുന്നുണ്ടെന്നും ഇവിടെ എത്തുവരിൽ പലരയെും ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യാറാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. പേവിഷബാധയ്ക്കുള്ള ആന്റിറാബിസ് വാക്‌സിനും പലയിടത്തും ക്ഷാമമുണ്ടെന്നാണ് രോഗികൾക്കൊപ്പമെത്തുന്നവരുടെ ആരോപണം.
സ്വകാര്യ മെഡി.സ്റ്റോറുകളെ ആശ്രയിക്കണം
ഓക്കാനം, ഛർദ്ദി എന്നിവയ്ക്കു നൽകുന്ന ഡോം പെരിഡോൺ ഗുളിക, വയറ്റിലെ അണുബാധയ്ക്കു നൽകുന്ന നോർഫ്ലോക്‌സിൻ. ജീവിതശൈലീ രോഗങ്ങൾക്കുള്ള മെറ്റ്‌ഫോർമിൻ 500, ആസ്പിരിൻ 75എം.ജി ഗുളികകൾക്കും പലയിടത്തും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ക്ഷാമം പലയിടത്തും പലവിധം
ജില്ലയുടെ പല മേഖലകളിലും പല വിധത്തിലാണ് മരുന്ന് ക്ഷാമം. ചില ആശുപത്രികളിലുള്ള മരുന്നുകൾ ചിലയിടത്തില്ല, എന്നതാണ് അവസ്ഥ.
# പാരസിറ്റാമോൾ, ഓഗ്മെന്റൻ ഉൾപ്പെടെയുള്ള ഇൻജെക്ഷൻ
# അസിക്ലോഫെനാക്
# ജീവിതശൈലീ രോഗ മരുന്നുകൾ
# പാൻഡപ്രിസോൾ, പാൻടോപ്പ്
# നീരിനുള്ള ഗുളികകൾ
# ആന്റിബബയോട്ടിക് മരുന്നുകൾ
നിഷേധിച്ച് ആരോഗ്യ വകുപ്പ്
അതേസമയം, ജില്ലയിൽ മരുന്ന് ക്ഷാമമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗവും ഡി.എം.ഒ ഓഫീസും കേരളകൗമുദിയോട് വ്യക്തമാക്കി. ചിലയിടത്ത് മരുന്ന് സ്‌റ്റോക്ക് തീരുന്ന സമയത്ത് ഒന്നോ രണ്ടോ ദിവസത്തെ കുറവാണ് ഉണ്ടാകുന്നതെന്നും അത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് എത്തിക്കുന്നതോടെ പരിഹരിക്കപ്പെടാറുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |