
കാർ വിൽപ്പന ടോപ്പ് ഗിയറിൽ
സെപ്തംമ്പറിൽ 41 ശതമാനം വരെ വളർച്ച
കൊച്ചി: കാർ വില്പനയിൽ പ്രമുഖ ബ്രാൻഡുകൾ സെപ്തംബറിൽ മുന്നേറ്റം കുറിച്ചു. എട്ടു മുതൽ 41 ശതമാനം വരെ വളർച്ചയാണ് പ്രമുഖ കമ്പനികൾ കൈവരിച്ചത്. വൈദ്യുത കാറുകളുടെ ഉൾപ്പെടെ വിൽപ്പനയിൽ വർദ്ധനയുണ്ടായി.
വളർച്ചയിൽ മുന്നിൽ ടാറ്റ
ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെപ്റ്റംബറിൽ 70,210 കാറുകൾ വിറ്റഴിച്ചു. മുൻവർഷം ഇതേ മാസത്തിലെ 60,907 യൂണിറ്റുകളെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. ആഭ്യന്തര വിപണിയിൽ 68,810 കാറുകളും അന്താരാഷ്ട്ര വിപണിയിൽ 1,400 ഉം വിറ്റഴിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ മൊത്തം യാത്രാ വാഹന വിൽപ്പനയാണ് നേടിയത്.
2026–27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലായി 2,01,723 കാറുകൾ ടാറ്റ വിറ്റു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഇതേ പാദത്തിലെ 1,44,397 യൂണിറ്റുകളെ അപേക്ഷിച്ച് 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു.
മികവോടെ ടൊയോട്ടോ
ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം.) സെപ്റ്റംബറിൽ 28,218 കാറുകൾ വിറ്റഴിച്ചു. ആഭ്യന്തര വിപണിയിൽ 25,027 കാറുകൾ വിറ്റപ്പോൾ 3,191 എണ്ണം കയറ്റുമതി ചെയ്തു. ജനുവരി മുതൽ സെപ്റ്റംബർ വരെ കമ്പനിയുടെ മൊത്തം വിൽപ്പന 2,94,914 യൂണിറ്റായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിലെ 2,72,824 യൂണിറ്റുകളെ അപേക്ഷിച്ച് എട്ടു ശതമാനം വളർച്ചയാണ് നേടിയത്. ആഭ്യന്തര വില്പന 2,69,619 യൂണിറ്റിലെത്തി. കയറ്റുമതി രണ്ടു ശതമാനം കുറഞ്ഞ് 25,295 യൂണിറ്റായി.
റെക്കാഡ് നേട്ടവുമായി കിയ
കിയ ഇന്ത്യ 41 ശതമാനം വളർച്ചയോടെ സെപ്തംബറിൽ 32,017 കാറുകൾ വിൽപ്പന നടത്തി. ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. 2025 സെപ്തംബറിൽ വിറ്റ 22,700 കാറുകളെ അപേക്ഷിച്ച് 41 ശതമാനം വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 64,443 കാറുകളായിരുന്നു വിൽപ്പന. മൂന്നാം പാദത്തിലെ വളർച്ച 38.5 ശതമാനമായി. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെ ആകെ വില്പന 2,53,008 യൂണിറ്റിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിലെ 2,06,582 യൂണിറ്റുകളെ അപേക്ഷിച്ച് 22.5 ശതമാനം വർദ്ധനവ്.
സെൽറ്റോസ്, സോണറ്റ് മോഡലുകൾ വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചു. സിറോസ് ഇ.വി.യ്ക്കും ആവശ്യക്കാരുടെ താൽപ്പര്യം വർദ്ധിച്ചു. പുതുതായി അവതരിപ്പിച്ച സൊറന്റോയ്ക്കും മികച്ച പ്രതികരണം ലഭിച്ചതായി കമ്പനി അറിയിച്ചു. ഉത്പന്നനിരയിൽ ഉപഭോക്താക്കളുടെ വിശ്വാസവും തുടർച്ചയായ വളർച്ചയുമാണ് നേട്ടം തെളിയിക്കുന്നതെന്ന് കിയ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |