
ന്യൂജേഴ്സി: അഞ്ച് തവണ ലോകകിരീടം ചൂടിയ ബ്രസീൽ നാളെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും മികച്ച പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ കൂട്ടുപിടിച്ചാണ് ബ്രസീൽ യുഎസിലേക്ക് വണ്ടി കയറിയത്. വിനീഷ്യസിന്റെ സ്‌ഫോടനാത്മക ആക്രമണവീര്യം, കാസെമിറോയുടെ നേതൃപാടവം, നെയ്മറിന്റെ അനുഭവസമ്പത്ത് എന്നിങ്ങനെയുള്ള അനുകൂലഘടകങ്ങൾ പ്രയോജനപ്പെടുത്താനാണ് ബ്രസീലിന്റെ വരവ്. എന്നാൽ നാളെ മൊറോക്കോയുമായുള്ള മത്സരത്തിനിറങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
പരിക്കിന്റെ പിടിയിൽ അകപ്പെട്ട സൂപ്പർ താരം നെയ്മർ മൊറോക്കോയുമായുള്ള ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന അറിയിച്ചിരിക്കുകയാണ് പരിശീലകൻ കാർലോ അഞ്ചലോട്ടി. കാലിനേറ്റ തുടർച്ചയായ പരിക്കാണ് അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് നെയ്മറിന്റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നത്. അടുത്ത മത്സരങ്ങളിൽ പരിക്ക് ഭേദമാക്കി നെയ്മർ തിരിച്ചുവരുമെന്ന് പരിശീലകൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. മൊറോക്കോയുമായുള്ള ആദ്യ മത്സരത്തിൽ നെയ്മറിന്റെ അസാന്നിദ്ധ്യം ബ്രസീൽ ആരാധകരിൽ നിരാശയുണ്ടാക്കും.
പരിക്ക് ഭേദമാകാനുള്ള ശ്രമങ്ങൾ നെയ്മറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്ന് കാർലോ അഞ്ചലോട്ടി അറിയിച്ചു. അദ്ദേഹത്തിന്റെ ഫുട്‌ബോൾ കഴിവ് മാത്രമല്ല, ടീമിലെ യുവ കളിക്കാർക്ക് നൽകാൻ കഴിയുന്ന അനുഭവസമ്പത്തും മാതൃകയും ഞങ്ങൾക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലതുകാലിനേറ്റ പരിക്കിനെ തുടർന്ന് നെയ്മർ 2023ന് ശേഷം ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല.
നെയ്മറിന്റെ പരിക്ക്
മേയ് മാസത്തിന്റെ പകുതിയോടെ വലതുകാലിനേറ്റ പരിക്കാണ് നെയ്മറിന് മത്സരത്തിൽ വില്ലനാകുന്നത്. പരിക്കിന്റെ ആശങ്കകൾക്കിടയിലും 34 കാരനായ അദ്ദേഹത്തെ ബ്രസീൽ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ടൂർണമെന്റിന് മുമ്പ് അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിയുമെന്ന് പരിശീലക സംഘം പ്രതീക്ഷിച്ചത്. എന്നാൽ അത് ഇനിയും വൈകുമെന്നാണ് കരുതുന്നത്. ഈ ടൂർണമെന്റിലെ പ്രധാനിയായി ബ്രസീൽ തുടരുമ്പോൾ, നെയ്മറിന്റെ അഭാവവും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ഗ്രൗണ്ടിൽ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാണ്.
അടുത്ത മത്സരത്തിൽ കളിക്കുമോ?
നെയ്മറിന്റെ തിരിച്ചുവരവിനെ കുറിച്ച് പോസിറ്റീവായ പ്രതികരണമാണ് പരിശീലകൻ കാർലോ അഞ്ചലോട്ടി നൽകുന്നത്. അടുത്ത ആഴ്ച മുതൽ അദ്ദേഹം പരിശീലനത്തിന് എത്തുമെന്നാണ് കരുതുന്നത്. ജൂൺ 19 ന് ഹെയ്തിക്കെതിരായ ബ്രസീലിന്റെ രണ്ടാം ഗ്രൂപ്പ് സി മത്സരത്തിൽ നെയ്മർ കളിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |